സ്‌കോഡയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ഇമ്മിണി വലിയ ഹാച്ച്ബാക്കാണ് സ്‌കാല. ഈ വാഹനം സംബന്ധിച്ച പ്രഖ്യാപനം മുമ്പ് വന്നിരുന്നെങ്കിലും മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ സ്‌കാലയുടെ ഇന്റീരിയറിന്റെ സ്‌കെച്ച് സകോഡ പുറത്തുവിട്ടിരിക്കുകയാണ്.
കോക്പിറ്റ് മാതൃകയില്‍ വളരെ ആഡംബരമായ ഉള്‍വശമാണ് പുതിയ ഹാച്ച്ബാക്കില്‍ ഒരുക്കിയിരിക്കുന്നത്. 9.2 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, 10.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍.
ഹാച്ച്ബാക്ക് ശ്രേണിയിലാണ് ഈ വാഹനം പുറത്തിറക്കുന്നതെങ്കിലും ഇന്ത്യയിലെ എതിരാളി ഹ്യുണ്ടായിയുടെ ക്രെറ്റയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മീറ്റര്‍ നീളമുള്ള ഈ വാഹനത്തിന് രാജ്യാന്തര നിരത്തില്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫിനോടായിരിക്കും മത്സരിക്കേണ്ടി വരിക.
ഫോക്‌സ്‌വാഗന്റെ MBQ-A0 പ്ലാറ്റ്‌ഫോമിലായിരിക്കും സ്‌കാലയുടെ നിര്‍മാണം. സ്‌കോഡയുടെ മറ്റ് കാറുകളെ പോലെ ഏറെ സ്‌റ്റൈലിഷായിട്ടാണ് ഈ വാഹനത്തെയും അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധാരണ സെഡാന്‍ കാറുകളുടെ വലിപ്പത്തില്‍ ഹാച്ച്ബാക്ക് ഒരുക്കിയിരിക്കുന്നതും സ്‌കാലയെ വ്യത്യസ്തമാക്കുന്നു.
വിദേശത്തെ നിരത്തുകളില്‍ അടുത്ത വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്‌കാല ഓടിത്തുടങ്ങുമെങ്കിലും ഇന്ത്യയിലേക്ക് 2020-ല്‍ മാത്രമായിരിക്കും ഈ വാഹനം എത്തുക. പ്രദേശികമായി നിര്‍മിക്കുന്ന കാര്യവും പരിഗണനയിലാണെന്നാണ് വിവരം.