നിരത്തുകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കുഷാക്ക് എസ്.യു.വിയുടെ അകത്തളത്തിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് സ്‌കോഡ. മാര്‍ച്ച് 18-ന് നിരത്തുകളില്‍ അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ സ്‌കെച്ച് കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ചിത്രങ്ങള്‍ അനുസരിച്ച് സ്‌പോര്‍ട്ടി ഭാവമുള്ള എക്‌സ്റ്റീരിയറും ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറുമായാണ് സ്‌കോഡ കുഷാക്ക് നിരത്തുകളില്‍ എത്തുന്നത്. 

ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ഇന്റീരിയറിന്റെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഓറഞ്ച്-ബ്ലാക്ക് നിറത്തിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. ബ്ലാക്ക് ഡാഷ്‌ബോര്‍ഡിനെ കട്ട് ചെയ്ത നല്‍കിയിട്ടുള്ള ഓറഞ്ച് ആക്‌സെന്റുകള്‍, 10 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടു സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, വലിയ സീറ്റുകള്‍, സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് അകത്തളത്തിന്റെ ഹൈലൈറ്റ്. 

രണ്ട് ഭാഗങ്ങളായി സ്പ്ലിറ്റ് ചെയ്തിട്ടുള്ള ഹെഡ്ലാമ്പ്, സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് എക്സ്റ്റീരിയര്‍ സ്‌കെച്ചില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. സ്പോര്‍ട്ടി ഭാവമുള്ള അലോയി വീലും ചിത്രത്തിലുണ്ട്. റൂഫ് റെയില്‍സ്, എല്‍.ഇ.ഡി.ലൈറ്റ്, റിയര്‍ ഡിഫ്യൂസര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, റൂഫ് സ്പോയിലര്‍ എക്സ്ഹോസ്റ്റ് പൈപ്പ് എന്നിവ പിന്‍ഭാഗത്തും നല്‍കിയിട്ടുണ്ട്.

Skoda Kushaq

സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ആദ്യമായെത്തുന്ന മിഡ്-സൈസ് എസ്.യു.വിയാണ് കുഷാക്ക്. 1.5 ലിറ്റര്‍, 1.5 ലിറ്റര്‍ ടി.എസ്.ഐ.പെട്രോല്‍ എന്‍ജിനുകളിലായിരിക്കും കുഷാക്ക് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. ഇതിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

സ്‌കോഡ-ഫോക്സ്വാഗണ്‍ വാഹനങ്ങള്‍ക്കായി നിര്‍മിച്ചിരിക്കുന്ന MQB AO IN പ്ലാറ്റ്ഫോമിലാണ് കുഷാക്ക് ഒരുങ്ങുക. ഫോക്സ്വാഗണില്‍നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ടൈഗൂണിനും ഇതേ പ്ലാറ്റ്ഫോം അടിസ്ഥാനമൊരുക്കും. 1.5 ലിറ്റര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ പ്രവര്‍ത്തിക്കുക. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Skoda Reveals Interior Design Sketch Of Kushaq SUV