ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള സെഡാന്‍ വാഹനമാണ് റാപ്പിഡ്. ഈ വാഹനത്തിന്റെ അടിസ്ഥാന മോഡലായ റൈഡര്‍ എന്ന വേരിയന്റ് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. 7.79 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയുള്ള ഈ പതിപ്പ് കഴിഞ്ഞ വര്‍ഷം വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
2020-ലേക്കായി നിര്‍മിച്ച യൂണിറ്റുകള്‍ അതിവേഗം വിറ്റുതീര്‍ന്നതിനാലാണ് ഈ വേരിയന്റ് വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഈ വര്‍ഷം ആദ്യം ഈ വേരിയന്റ് വീണ്ടുമെത്തിക്കുമെന്നും സ്‌കോഡ ഉറപ്പ് നല്‍കിയിരുന്നു. പ്രൊഡക്ഷനെക്കാള്‍ കൂടുതല്‍ ഡിമാന്റ് ഈ വേരിയന്റിന് ലഭിച്ചതായി കമ്പനി മേധാവി അറിയിച്ചിരുന്നു.
1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റാപ്പിഡില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 108 ബി.എച്ച്.പി പവറും 175 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ഫീച്ചറുകളിലോ, സ്‌റ്റൈലിലോ മാറ്റങ്ങള്‍ വരുത്താതെയാണ് 2021 മോഡല്‍ റൈഡര്‍ വേരിയന്റ് എത്തിയിട്ടുള്ളത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, പാര്‍ക്ക്‌ട്രോണിക് സെന്‍സര്‍, ഡിഫോഗര്‍, ബ്ലുടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ പ്ലെയര്‍, എ.ബി.എസ്, ഡ്യുവല്‍ എയര്‍ബാഗ്, ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിറര്‍ എന്നിവയാണ് ഇതിലെ ഫീച്ചറുകള്‍.
2020-ല്‍ 10,900 യൂണിറ്റ് വാഹനങ്ങളാണ് സ്‌കോഡ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. എന്നാല്‍, 2019-ല്‍ ഇത് 15,100 ആയിരുന്നു. 2020-ല്‍ മികച്ച മോഡലുകള്‍ അവതരിപ്പിച്ചതും വാഹനങ്ങളുടെ മുഖം മിനുക്കല്‍ വരുത്തിയതും സ്‌കോഡയുടെ വില്‍പ്പനയ്ക്ക് മുതല്‍ കൂട്ടായിട്ടുണ്ടെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍.
Content Highlights: Skoda Rapid Rider Variant Re Launched In India