സ്കോഡ റാപ്പിഡ്, സ്ലാവിയ | Photo: Skoda
സ്കോഡയുടെ സ്ലാവിയ എന്ന പ്രീമിയം സെഡാന് വാഹനത്തിന് വഴിയൊരുക്കുന്നതിനായി കമ്പനിയുടെ മറ്റൊരു സെഡാന് മോഡലായ റാപ്പിഡ് നിരത്തൊഴിയുകയാണ്. സ്ലാവിയയുടെ ലോഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ റാപ്പിഡിനെ സ്കോഡയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കിയിരിക്കുകയാണ്. അതേസമയം, റാപ്പിഡിന്റെ മാറ്റ് എഡിഷന്റെ വിവരങ്ങള്‍ ഇപ്പോഴും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 2021 ഒക്ടോബറിലാണ് മാറ്റ് എഡിഷന് വിപണിയില്‍ എത്തിയത്.
സ്ലാവിയ എത്തുന്നതോടെ റാപ്പിഡ് നിരത്തൊഴിയുമെന്ന് മുമ്പുതന്നെ സൂചനകളുണ്ടായിരുന്നു. ഈ വര്‍ഷത്തെ സ്കോഡയുടെ ആദ്യ വാഹനമായ സ്ലാവിയയുടെ 1.0 ലിറ്റര്‍ ടി.എസ്.ഐ. എന്ജിന് പതിപ്പ് ഫെബ്രുവരി 28-നും 1.5 ലിറ്റര്‍ പതിപ്പ് മാര്‍ച്ച് മൂന്നിനും വിപണിയില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. റാപ്പിഡ് സെഡാന്റെ നിര്‍മാണം ഇതിനകംതന്നെ സ്കോഡ അവസാനിപ്പിച്ചതായാണ് വിവരം. പ്രത്യേക പതിപ്പായി എത്തിയ മാറ്റ് എഡിഷന് മാത്രമാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്.
സ്കോഡയുടെ MQB-AO IN പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വാഹനമായാണ് സ്ലാവിയ എത്തുന്നത്. റാപ്പിഡ് സെഡാനെക്കാള്‍ വലിപ്പക്കാരനായാണ് സ്ലാവിയ ഒരുങ്ങിയിരിക്കുന്നത്. 128 എം.എം. നീളവും 53 എം.എം. വീതിയും 21 എം.എം. ഉയരവുമാണ് സ്ലാവിയയ്ക്ക് റാപ്പിഡിനെക്കാള്‍ അധികമുള്ളത്. 4541 എം.എം. നീളവും 1752 എം.എം. വീതിയും 1487 എം.എം. ഉയരവും, 2651 എം.എം. എന്ന ഉയര്‍ന്ന വീല്‍ബേസുമാണ് സ്ലാവിയ സെഡാനില്‍ നല്‍കിയിട്ടുള്ളത്.
സ്കോഡയുടെ സിഗ്നേച്ചര്‍ ബട്ടര്‍ഫ്ളൈ ഗ്രില്ല്, എല്‍ ഷേപ്പ് എല്‍.ഇ.ഡി. ഡി.ആര്.എല്‍ നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ്, ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്. ഷാര്‍പ്പ് എഡിജുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, ബോണറ്റില്‍ നല്‍കിയിട്ടുള്ള ലൈനുകളും സ്കോഡയുടെ ലോഗോയുമാണ് സ്ലാവിയയുടെ മുഖം അലങ്കരിച്ചിരിക്കുന്നത്. 16 ഇഞ്ച് അലോയി വീലും ബോഡി ലൈനുകളും വശങ്ങളെ അലങ്കരിക്കുമ്പോള്‍ എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തെ സ്റ്റൈലിഷാക്കുന്നത്.
ഫീച്ചറുകള്‍ കുത്തിനിറയ്ക്കാതെ ചിട്ടയായി ഡിസൈന്‍ ചെയ്തിട്ടുള്ള അകത്തളമാണ് സ്ലാവിയയില്‍ ഒരുങ്ങിയിട്ടുള്ളത്. കറുപ്പ് നിറത്തിനൊപ്പം ആക്സെന്റുകള്‍ നല്കി അലങ്കരിച്ചിട്ടുള്ള ഡാഷ്ബോര്‍ഡ്, വശങ്ങളില് വൃത്താകൃതിയിലും മധ്യഭാഗത്ത് ചതുരാകൃതിയിലും ഒരുങ്ങിയിട്ടുള്ള എ.സി. വെന്റ്, 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്റ്റൈലിഷ് സീറ്റുകള്‍ എന്നിവയാണ് അകത്തളത്തിന് സൗന്ദര്യമേകുന്ന ഘടകങ്ങള്‍.
1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനുകളിലാണ് സ്ലാവിയ എത്തുന്നത്. 1.0 ലിറ്റര്‍ എന്ജിന് 113 ബി.എച്ച്.പി. കരുത്തും 175 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കാകും. ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ്സ്പീഡ് മാനുവല്‍ എന്നീ ഓപ്ഷനുകളില്‍ വാഹനം ലഭിക്കും. 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്ജിന് 150 ബി.എച്ച്.പി. കരുത്തും 250 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.
Content Highlights; Skoda Rapid removed from official website, Skoda Slavia launch announce, Skoda Cars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..