ചെക്കുകാരില്‍നിന്ന് ഇന്ത്യയിലെ എസ്.യു.വി.കള്‍ക്കുള്ള ചെക്കാണ് 'കുശക്'. ഇന്ത്യക്കു വേണ്ടി ഇന്ത്യയില്‍ത്തന്നെ ചെക്ക് നിര്‍മാതാക്കളായ 'സ്‌കോഡ' നിര്‍മിക്കുന്ന സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനമാണ് കുശക്. 'കുശക്' എന്നത് സംസ്‌കൃത വാക്കാണ്. അര്‍ഥം 'ചക്രവര്‍ത്തി' എന്നും 'രാജാവ്' എന്നുമൊക്കെയാണ്. ഇന്ത്യയിലെ പുതിയ ചക്രവര്‍ത്തിയാകാനുള്ള ശ്രമത്തിലാണ് കുശകിനെയും കൊണ്ട് സ്‌കോഡ ഒരുങ്ങുന്നത്.

ഇങ്ങനെയൊന്നുമായിരുന്നില്ല കമ്പനി കുശകിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഹാമാരിക്കാലം എല്ലാ ആഗ്രഹങ്ങളും തലകീഴായി മറിച്ചു. ഇപ്പോള്‍ ട്വിറ്ററിലൂടെയാണ് കമ്പനിയുടെ പ്രഖ്യാപനമൊക്കെ വരുന്നത്. കുശകിന്റെ കാര്യത്തിലും ട്വിറ്ററായിരുന്നു കമ്പനി മേധാവി സാക്ഹോളിസിന്റെ അത്താണി. 

ജൂണില്‍ കുശകിന്റെ നിര്‍മാണം പൂര്‍ണ തോതിലാകുമെന്നും ജൂലായില്‍ വാഹനം എത്തിത്തുടങ്ങുമെന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 'വിഷന്‍ ഇന്‍' എന്ന പേരില്‍ വികസിപ്പിച്ച എസ്.യു.വി.ക്കുള്ള പേര് ഈ വര്‍ഷം ആദ്യമാണ് സ്‌കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തിയത്. ജനുവരിയില്‍ത്തന്നെ കാറിന്റെ പ്രി-പ്രൊഡക്ഷന്‍ മാതൃകയും സ്‌കോഡ അനാവരണം ചെയ്തു.

Skoda Kushaq

സവിശേഷതകള്‍

ഇന്ത്യയിലെ കുതിപ്പിന് ലക്ഷ്യമിടുന്ന '2.0 പ്രൊജക്ടി'ന്റെ ഭാഗമായ കുശക്കിന് അടിത്തറയാവുന്നത് എം.ക്യു.ബി.എ. സീറോ ഇന്‍ പ്ലാറ്റ്ഫോമാണ്. ഇതില്‍ നിര്‍മിക്കുന്ന ആദ്യ മോഡലാണ് കുശക്. പുതിയതാണ് ഗ്രില്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പും സ്‌കിഡ് പ്ലേറ്റും റൂഫ് റെയിലും 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലും സ്‌കോഡ ബാഡ്ജിങ് നല്‍കിയുള്ള ടെയ്ല്‍ഗേറ്റും ഒക്കെയായിട്ടായിരിക്കും വരവ്.

അകത്തളം

ഫീച്ചറുകളുടെ കലവറയാണ് അകത്തളം. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, പിന്‍നിരയിലും എ.സി. വെന്റുകള്‍, എം.ഐ.ഡി. ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയൊക്കെ കാറില്‍ പ്രതീക്ഷിക്കാം.

Skoda Kushaq

എന്‍ജിന്‍

രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാവും കുശക് എത്തുകയെന്നാണ് പ്രതീക്ഷ. ഒരു ലിറ്റര്‍ ടി.എസ്.ഐ. പെട്രോളും 1.5 ലിറ്റര്‍ ടി.എസ്.ഐ. പെട്രോളും. ഒരു ലിറ്റര്‍ ടര്‍ബോ എന്‍ജിന് കൂട്ട് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുകളാവും. ശേഷിയേറിയ ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പമെത്തുക ഏഴ് സ്പീഡ് ഡി.എസ്.ജി. ഗിയര്‍ബോക്‌സും.

ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, എം.ജി. ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ് തുടങ്ങിയവയായിരിക്കും ഇന്ത്യയില്‍ കുശകിന്റെ എതിരാളികള്‍. 12 ലക്ഷം രൂപ മുതലാണ് കുശകിന് പ്രതീക്ഷിക്കുന്ന വില.

Content highlights: Skoda New SUV Kushaq, Skoda Kushaq, Skoda India