സ്കോഡ് കുഷാക്ക് | Photo: Skoda Auto India
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്കോഡയുടെ മിഡ്-സൈസ് എസ്.യു.വി. മോഡലായ കുഷാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. കുഷാക്കിന്റെ സകല എതിരാളികളെയും ഞെട്ടിക്കുന്ന വിലയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. രണ്ട് എന്ജിന് ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനില് ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള കുഷാക്കിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
കുഷാക്കിന്റെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് മോഡല്‍ ജൂലൈ 12 തിയതി മുതല്‍ ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, 1.5 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോ എന്ജിന് മോഡല്‍ ഓഗസ്റ്റ് മാസത്തോടെ മാത്രമെ വിപണിയില്‍ എത്തൂവെന്നും സ്കോഡ അറിയിച്ചിട്ടുണ്ട്. കുഷാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ സ്റ്റൈലില്‍ മാത്രമാണ് 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് നല്‍കിയിട്ടുള്ളത്. ഇതില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷന് നല്‍കിയിട്ടുണ്ട്.
1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി.എസ്.ഐ. എന്നീ പെട്രോള്‍ ടര്‍ബോ എന്‍ജിനുകളാണ് കുഷാക്ക് എസ്.യു.വിയില്‍ പ്രവര്‍ത്തിക്കുന്നത്. 1.0 ലിറ്റര്‍ എന്ജിന് 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ എന്ജിന് 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്കും 1.5 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവലിനൊപ്പം ഏഴ് സ്പീഡ് ഡി.എസ്.ജിയും ട്രാന്സ്മിഷന് ഒരുക്കും.
സ്കോഡ-ഫോക്സ്വാഗണ് കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്ഫോമില്‍ ആദ്യമായി ഒരുങ്ങുന്ന സ്കോഡ വാഹനമാണ് കുഷാക്ക്. 4225 എം.എം. നീളവും 1760 എം.എം. വീതിയും 1612 എം.എം. ഉയരവും 2651 എം.എം. വീല്‍ബേസും 188 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് കുഷാക്കില്‍ നല്‍കിയിട്ടുള്ളത്. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് വിലയിരുത്തല്‍.
ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എം.ജി. ഹെക്ടര്‍, റെനോ ഡസ്റ്റര്‍ എന്നീ വാഹനങ്ങളാണ് കുഷാക്കിന്റെ എതിരാളി. എതിരാളികള്‍ക്കൊപ്പം നില്ക്കാന് കഴിയുന്ന ഡിസൈനാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. സ്കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്കിഡ് പ്ലേറ്റ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, സ്കോഡ ബാഡ്ജിങ്ങുള്ള ടെയ്ല്‍ഗേറ്റ്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, തുടങ്ങിയവയാണ് കുഷാക്ക് എസ്.യു.വിയുടെ എക്സ്റ്റീരിയര്‍ സ്റ്റൈലിഷാക്കുന്നത്.
ഫീച്ചറുകളുടെ കലവറയായാണ് കുഷാക്കിന്റെ അകത്തളം സ്കോഡ ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് മിറര്‍ലിങ്ക് കണക്ടിവിറ്റിയുള്ള 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, പിന്‍നിരയിലും എ.സി. വെന്റുകള്‍, എം.ഐ.ഡി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവയാണ് കുഷാക്കിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നത്.
Content Highlights: Skoda Mid-Size SUV Kushaq Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..