സ്‌കോഡയുടെ മേല്‍വിലാസത്തില്‍ മിഡ്-സൈസ് എസ്.യു.വിയായി എത്താനൊരുങ്ങുന്ന വാഹനത്തിന്റെ പേര് പ്രഖ്യാപിച്ചു. രാജാവ് അല്ലെങ്കില്‍ ചക്രവര്‍ത്തി എന്ന് അര്‍ഥം വരുന്ന കുഷാഖ് എന്നായിരിക്കും ഈ വാഹനത്തിന്റെ പേര്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി വിഷന്‍-ഇന്‍ എന്ന പേരിലാണ് കുഷാഖിന്റെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത്. ഇതിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഈ മാസം തന്നെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.
സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ആദ്യമായെത്തുന്ന മിഡ്-സൈസ് എസ്.യു.വിക്ക് ക്ലിഖ് അല്ലെങ്കില്‍ കോസ്മിക് എന്നായിരിക്കും ഈ വാഹനത്തിന് പേര് നല്‍കുകയെന്നായിരുന്നു ആദ്യ പ്രവചനങ്ങള്‍. ഈ രണ്ട് പേരുകള്‍ക്ക് സ്‌കോഡ ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പ്രചനങ്ങളെ അട്ടിമറിച്ചു കൊണ്ടാണ് വിഷന്‍-ഇന്നിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് കുഷാഖ് എന്ന് സ്‌കോഡ പേര് നല്‍കിയിരിക്കുന്നത്.
സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ക്കായി നിര്‍മിച്ചിരിക്കുന്ന MQB AO IN പ്ലാറ്റ്‌ഫോമിലാണ് കുഷാഖ് നിര്‍മിക്കുന്നത്. ഫോക്‌സ്‌വാഗണില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ടൈഗൂണിനും ഇതേ പ്ലാറ്റ്‌ഫോം അടിസ്ഥാനമൊരുക്കും. 1.5 ലിറ്റര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുക. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡി.എസ്.ജി എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
സ്‌കോഡ സിഗ്‌നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍.ഇ.ഡി ഹെഡ്ലാമ്പ്, ഫോഗ്‌ലാമ്പ്, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയ്ല്‍ ലാമ്പ് എന്നിവയായിരുന്നു കണ്‍സെപ്റ്റ് മോഡലിനെ അലങ്കരിച്ചിരുന്നത്. ഇതുമായി സാമ്യമുള്ള ഡിസൈനിലായിരിക്കും പ്രൊഡക്ഷന്‍ പതിപ്പ് എത്തുക.
സ്‌കോഡയുടെ മറ്റ് വാഹനങ്ങള്‍ക്ക് സമാനമായി പ്രീമിയം ലുക്കിലായിരിക്കും കുഷാഖിന്റെയും അകത്തളം ഒരുങ്ങുക. കണ്‍സെപ്റ്റ് മോഡലില്‍ ഇന്റീരിയര്‍ അനുസരിച്ച് എക്സ്റ്റീരിയറില്‍ നല്‍കിയിരുന്ന അതേ ഓറഞ്ച് നിറമാണ് അകത്തളത്തിലും നല്‍കിയിട്ടുള്ളത്. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവ ഇന്റീരിയറിനെ കൂടുതല്‍ ആഡംബരമാക്കുന്നുണ്ട്.
Content Highlights: Skoda Mid Size SUV To Be Named As Kushaq