2023 സ്‌കോഡ കോഡിയാക്ക് | Photo: Skoda
ഇന്ത്യന്‍ വാഹന വിപണിയില്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന വാഹനങ്ങള്‍ വളരെ ചുരുക്കമാണ്. വാഹനം അവതരിപ്പിക്കുന്നതിന് മുമ്പ് ബുക്കിങ്ങില്‍ തന്നെ വിറ്റുത്തീരുന്നവയുമുണ്ട്. ഇത്തരത്തില്‍ ബുക്കിങ്ങില്‍ തന്നെ വിറ്റുത്തീരുന്ന വാഹനങ്ങളില്‍ ഒന്നായിരുന്നു ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ എത്തിച്ചിരുന്ന എസ്.യു.വി. മോഡലായ കോഡിയാക്. ആവശ്യക്കാര്‍ ഏറെയുള്ള ഈ വാഹനത്തിന്റെ ഡിമാന്റ് സാധുകരിക്കാന്‍ മാത്രം വാഹനങ്ങള്‍ ഇന്ത്യക്ക് അനുവദിച്ചിരുന്നില്ലെന്നതായിരുന്നു ഇതിന് കാരണം.
എന്നാല്‍, കഴിഞ്ഞ ദിവസം കോഡിയാക്കിന്റെ പുതിയ പതിപ്പ് എത്തിച്ചതിനൊപ്പം സ്‌കോഡ ഇന്ത്യ പുതിയൊരു പ്രഖ്യാപനവും നടത്തുകയുണ്ടായി. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും കോഡിയാക്കിന്റെ 750 യൂണിറ്റ് ഇന്ത്യന്‍ വിപണിക്കായി അനുവദിക്കുമെന്നായിരുന്നു അത്. ഇതോടെ പ്രതിവര്‍ഷം കോഡിയാക്കിന്റെ 3000 യൂണിറ്റ് ഇന്ത്യക്ക് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കോഡിയാക്കിന്റെ 1200 യൂണിറ്റ് മാത്രമാണ് ഇന്ത്യന്‍ വിപണിക്കായി സ്‌കോഡ അനുവദിച്ചിരുന്നത്.
മൂന്ന് വേരിയന്റുകളിലാണ് സ്‌കോഡ കോഡിയാക്കിന്റെ 2023 പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. സ്റ്റൈല്‍, സ്‌പോര്‍ട്ട്‌ലൈന്‍, എല്‍ ആന്‍ഡ് കെ എന്നിവയ്ക്ക് 37.99 ലക്ഷം രൂപ മുതല്‍ 41.39 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. മുന്‍ മോഡലുകളെ അപേക്ഷിച്ച് വിലയില്‍ 1.40 ലക്ഷം രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയിലും വിദേശത്തും ഒരുപോലെ വിജയം നേടിയ വാഹനമാണ് കോഡിയാക്ക് എന്നാണ് സ്‌കോഡ ഇന്ത്യ അവകാശപ്പെടുന്നത്.

പുതിയ ബി.എസ്.6 മാനദണ്ഡങ്ങള്‍ പാലിച്ചെത്തിയ 2.0 ലിറ്റര്‍ ടി.എസ്.ഐ. ഇവോ എന്‍ജിനാണ് സ്‌കോഡ കോഡിയാക്കിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 188 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. മുമ്പ് വിപണിയില്‍ എത്തിയിരുന്ന കോഡിയാക്കിനെ അപേക്ഷിച്ച് 4.2 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമതയുമായാണ് പുതിയ മോഡലിന്റെ വരവെന്നതും സവിശേഷതയാണ്.
ഡിസൈനിലും ഫീച്ചറിലും കാര്യമായ മാറ്റം വരുത്താതെ ഏതാനും കൂട്ടിച്ചേര്‍ക്കലുമായാണ് 2023 കോഡിയാക്ക് എത്തിയിരിക്കുന്നത്. ഡോറിന്റെ വശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഡോര്‍ എഡ്ജ് പ്രോട്ടക്ടര്‍, റിയര്‍ സ്‌പോയിലറിലെ ഫിന്‍ലെറ്റ് എന്നിവയാണ് എക്സ്റ്റീരിയറില്‍ അധികമായി നല്‍കിയിട്ടുള്ളത്. ഹെഡ്‌റെസ്റ്റിന് സൈഡില്‍ നല്‍കിയിട്ടുള്ള ലോഞ്ച് സ്‌റ്റെപ്പ്, നനഞ്ഞ കുടയും മറ്റ് സുക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് തുടങ്ങിയവയാണ് അകത്തളത്തില്‍ പുതുതായി സ്ഥാനം പിടിച്ചിട്ടുള്ള സംവിധാനങ്ങള്‍.
2017-ലാണ് സ്‌കോഡ ആദ്യമായി കോഡിയാക്ക് എസ്.യു.വി. ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. വിദേശത്ത് നിര്‍മിച്ച് എത്തിച്ചിരുന്നതിനാല്‍ തന്നെ വളരെ ചുരും യൂണിറ്റുകള്‍ മാത്രമായിരുന്നു ഇന്ത്യക്കായി അനുവദിച്ചിരുന്നത്. പിന്നീട് 2022-ലാണ് ഈ വാഹനം ആദ്യമായി മുഖം മിനുക്കുന്നത്. ഇതോടെ കോഡിയാക്കില്‍ നിരവധി ഫീച്ചറുകള്‍ ഇടംനേടുകയും ചെയ്തിരുന്നു. മികച്ച സുരക്ഷ സംവിധാനങ്ങള്‍ക്കൊപ്പം കൂടുതല്‍ ഡ്രൈവിങ്ങ് മോഡലുകള്‍ ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യവും ഉള്‍പ്പെടെയാണ് കോഡിയാക്ക് എത്തിച്ചിരിക്കുന്നത്.
Content Highlights: Skoda launch 2023 Kodiaq SUV, More Units To Be Allocated For India, Skoda Kodiaq
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..