രു വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ മിഡ്-സൈസ് എസ്.യു.വി. കുഷാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വാഹനത്തിന്റെ ആഗോള അവതരണമാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നത്. സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാഹനമാണ് കുഷാക്ക് എസ്.യു.വി. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് വിഷന്‍-ഇന്‍ എന്ന പേരില്‍ കുഷാക്കിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശനത്തിനെത്തിയത്. 

95 ശതമാനവും പ്രദേശികമായി നിര്‍മിച്ച വാഹനമാണ് കുഷാക്ക് എന്നാണ് നിര്‍മാതാക്കളായ സ്‌കോഡ അറിയിച്ചിരിക്കുന്നത്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനായിരിക്കും ഈ വാഹനം എത്തുക. ജൂലൈ മാസത്തോടെ വിപണിയില്‍ എത്തി തുടങ്ങുന്ന ഈ വാഹനം വിലയിലും എതിരാളികള്‍ക്ക് സമമായിരിക്കുമെന്നാണ് സൂചന. വിപണിയില്‍ അവതരിപ്പിക്കുന്ന വേളയിലായിരിക്കും കുഷാക്കിന്റെ വില പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തുന്ന ഡിസൈനിലാണ് പ്രൊഡക്ഷന്‍ പതിപ്പും എത്തിയിട്ടുള്ളത്. സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, സ്‌കോഡ ബാഡ്ജിങ്ങ് നല്‍കിയുള്ള ടെയ്ല്‍ഗേറ്റ്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, ടെയ്ല്‍ഗേറ്റില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് കുഷാക്ക് എസ്.യു.വിയുടെ എക്സ്റ്റീരിയര്‍ സ്റ്റൈലിഷാക്കുന്നത്. 

Skoda Kushaq
സ്‌കോഡ കുഷാക്ക് | Photo: Skoda India

4221 എം.എം. നീളവും, 1760 എം.എം. വീതിയും 1612 എം.എം. ഉയരവുമാണ് കുഷാക്ക് എസ്.യു.വിക്കുള്ളത്. വീല്‍ബേസില്‍ എതിരാളികളെക്കാള്‍ ഒരുപടി മുന്നിലാണ് കുഷാക്ക്. 2651 എം.എം. ആണ് ഇതിലെ വീല്‍ബേസ്. 188 എം.എം. ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ് എന്നീ രണ്ട് എക്‌സ്‌ക്ല്യൂസീവ് നിറങ്ങള്‍ക്കൊപ്പം കാന്‍ഡി വൈറ്റ്, ബ്രില്ല്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ അഞ്ച് നിറങ്ങളില്‍ കുഷാക്ക് നിരത്തുകളില്‍ എത്തും. 

ചിട്ടയായി ഡിസൈന്‍ ചെയ്തിരിക്കുന്ന അകത്തളമാണ് കുഷാക്കിലുള്ളത്. കാഴ്ചയില്‍ സിംപിള്‍ ആണെങ്കിലും ഫീച്ചറുകളുടെ കലവറയാണ് ഈ അകത്തളം. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, പിന്‍നിരയിലും എ.സി. വെന്റുകള്‍, എം.ഐ.ഡി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവയാണ് കുഷാക്കിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നത്. 

Skoda Kushaq
സ്‌കോഡ കുഷാക്ക് | Photo: Skoda India

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി.എസ്.ഐ. എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് കുഷാക്ക് എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 1.5 ലിറ്റര്‍ എന്‍ജിന്‍ 147 ബി.എച്ച്.പി. പവറും ഉത്പാദിപ്പിക്കും. 1.0 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്റര്‍ മോഡലിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Skoda Kushaq SUV Launched In India