ന്ത്യയിലെ എസ്.യു.വി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഡലായ സ്‌കോഡ കുഷാക്ക് എതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരത്തുകളില്‍ എത്തിയേക്കും. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഇന്ത്യയിലെ നിര്‍മാണം ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങുന്ന വാഹനങ്ങളുടെ ചിത്രം ഉള്‍പ്പെടെയാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. 

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പൂനെയിലെ ചകാന്‍ പ്ലാന്റിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ മാസം അവസാനത്തോടെ കുഷാക്കിന്റെ അവതരണം ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ചരിത്ര നിമിഷമാണിതെന്നാണ് ഈ വാഹനത്തിന്റെ നിര്‍മാണമെന്നാണ് വാഹനം പുറത്തിറക്കിയ ശേഷം സ്‌കോഡ മേധാവി അഭിപ്രായപ്പെട്ടത്. 

ഈ വാഹനത്തിലൂടെ ഫോക്‌സ്‌വാഗണ്‍-സ്‌കോഡ ഗ്രൂപ്പ് വിദഗ്ധരുടെ സഹകരണം ഇന്ത്യയിലും സംഭവിച്ചിരിക്കുകയാണ്. കുഷാക്കിന്റെ 95 ശതമാനത്തോളം പ്രദേശികമായി നിര്‍മിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കുഷാക്കിന്റെ വരവോടെ ഇന്ത്യയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന വാഹന ശ്രേണിയില്‍ സ്‌കോഡയും സാന്നിധ്യം അറിയിക്കുമെന്നും സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ മേധാവി അറിയിച്ചു. 

മികച്ച ഡിസൈനാണ് കുഷാക്കിന്റെ ഹൈലൈറ്റ്. സ്‌കോഡ സിഗ്നേച്ചര്‍ ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, സ്‌കോഡ ബാഡ്ജിങ്ങുള്ള ടെയ്ല്‍ഗേറ്റ്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, ടെയ്ല്‍ഗേറ്റില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് കുഷാക്ക് എസ്.യു.വിയുടെ എക്സ്റ്റീരിയര്‍ സ്റ്റൈലിഷാക്കുന്നത്. 

കാഴ്ചയില്‍ സിംപിള്‍ ആണെങ്കിലും ഫീച്ചറുകളുടെ കലവറയാണ് കുഷാക്കിലെ അകത്തളം. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, പിന്‍നിരയിലും എ.സി. വെന്റുകള്‍, എം.ഐ.ഡി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവയാണ് കുഷാക്കിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നത്. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ TSI, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ TSI എന്നീ പെട്രോള്‍ എന്‍ജിനുകളാണ് കുഷാക്കിലുള്ളത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 1.5 ലിറ്റര്‍ എന്‍ജിന്‍ 147 ബി.എച്ച്.പി. പവറും ഉത്പാദിപ്പിക്കും. 1.0 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്റര്‍ മോഡലിലെ ട്രാന്‍സ്മിഷന്‍.

Content Highlights; Skoda Kushaq Starts Productions, To Be Launch Soon