ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ള എസ്.യു.വിയാണ് സ്‌കോഡ കുഷാക്ക്. മാര്‍ച്ച് 18-ന് വിപണിയില്‍ എത്താന്‍ ഒരുങ്ങിയിരിക്കുന്ന ഈ വാഹനത്തിന്റെ ഡിസൈന്‍ സ്‌കെച്ച് നിര്‍മാതാക്കള്‍ പുറത്തിറക്കി. മുന്നിലേയും പിന്നിലേയും ഡിസൈനുകള്‍ വെളിപ്പെടുത്തുന്ന സ്‌കെച്ചാണ് സ്‌കോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്. കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തുന്ന ഡിസൈനിലാണ് സ്‌കെച്ചും ഒരുങ്ങിയിട്ടുള്ളത്.
രണ്ട് ഭാഗങ്ങളായി സ്പ്ലിറ്റ് ചെയ്തിട്ടുള്ള ഹെഡ്‌ലാമ്പ്, സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സ്‌കെച്ചില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. സ്‌പോര്‍ട്ടി ഭാവമുള്ള അലോയി വീലും ചിത്രത്തിലുണ്ട്. റൂഫ് റെയില്‍സ്, എല്‍.ഇ.ഡി.ലൈറ്റ്, റിയര്‍ ഡിഫ്യൂസര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, റൂഫ് സ്‌പോയിലര്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്‍ഭാഗത്തെ ഡിസൈന്‍ ആകര്‍ഷകമാക്കിയിരിക്കുന്നത്.
2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ വിഷന്‍-ഇന്‍ എന്ന പേരിലാണ് ഈ മിഡ്-സൈസ് എസ്.യു.വിയുടെ കണ്‍സെപ്റ്റ് സ്‌കോഡ അവതരിപ്പിച്ചത്. ഈ വാഹനത്തിന്റെ പേര് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അടുത്തിടെയാണ് ഈ എസ്.യു.വിയുടെ പേര് കുഷാക്ക് എന്നായിരിക്കുമെന്ന് സ്‌കോഡ ഓട്ടോ അറിയിച്ചത്. സംസ്‌കൃത പദമായ കുഷാഖില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. രാജാവ് അല്ലെങ്കില്‍ ചക്രവര്‍ത്തി എന്നാണ് ഇതിനര്‍ഥം.
സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ആദ്യമായെത്തുന്ന മിഡ്-സൈസ് എസ്.യു.വിയാണ് കുഷാക്ക്. 1.5 ലിറ്റര്‍, 1.5 ലിറ്റര്‍ ടി.എസ്.ഐ.പെട്രോല്‍ എന്‍ജിനുകളിലായിരിക്കും കുഷാക്ക് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. ഇതിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ വാഹനങ്ങള്‍ക്കായി നിര്‍മിച്ചിരിക്കുന്ന MQB AO IN പ്ലാറ്റ്‌ഫോമിലാണ് കുഷാക്ക് ഒരുങ്ങുക. ഫോക്‌സ്‌വാഗണില്‍നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ടൈഗൂണിനും ഇതേ പ്ലാറ്റ്‌ഫോം അടിസ്ഥാനമൊരുക്കും. 1.5 ലിറ്റര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ പ്രവര്‍ത്തിക്കുക. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: SKODA KUSHAQ: Design sketches offer a preview of the new SUV for the Indian market