സ്‌കോഡ നിരയിലെ ആദ്യ സെവന്‍ സീറ്റര്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ കൊഡിയാക് ഇന്ത്യയിലെത്തി. പ്രീമിയം എസ്.യു.വി ശ്രേണിയില്‍ കാലങ്ങളായി മാര്‍ക്കറ്റ് ലീഡറായി തുടരുന്ന ടൊയോട്ട ഫോര്‍ച്യൂണറിന് ശക്തനായ എതിരാളിയായിട്ടാണ് കൊഡിയാക്കിന്റെ വരവ്. 34.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്ഫോമിലാണ് കൊഡിയാക്കിന്റെ നിര്‍മാണം. സ്‌കോഡയുടെ ഒക്ടേവിയ, സൂപ്പേബ് മോഡലുകളും ഇതേ പാതയിലെത്തിയവരാണ്. 

Kodiaq
Courtesy; Skoda India

രൂപത്തില്‍ മസില്‍മാന്‍ പരിവേഷം കൊഡിയാക്കിന്റെ ബോഡിയില്‍ ദൃശ്യമാകും. നീളമേറിയ ത്രീ ഡൈമന്‍ഷണല്‍ റേഡിയേറ്റര്‍ ഗ്രില്‍ സ്‌കോഡയുടെ തനതു ശൈലിയിലാണ് ഒരുക്കിയത്. സൈഡ്-റിയര്‍ ഡിസൈന്‍ മികവ് പുലര്‍ത്തും. 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റത്തിനൊപ്പം അകത്തളം കൂടുതല്‍ പ്രീമിയം രൂപത്തിലാണ്. 4697 എംഎം നീളവും 1882 എംഎം വീതിയും 1676 എംഎം ഉയരവും 2791 എംഎം വീല്‍ബേസും 140 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും കൊഡിയാക്കിനുണ്ട്. 63 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ബൂട്ട് സ്പേസ് 270 ലിറ്ററാണ്, പിന്‍സീറ്റ് മടക്കിയാല്‍ ഇത് 2005 ലിറ്ററാക്കി ഉയര്‍ത്താം.  

ടിഗ്വാന് സമാനമായി 1968 സിസി ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3500-4000 ആര്‍പിഎമ്മില്‍ 148 ബിഎച്ച്പി പവറും 1750-3000 ആര്‍പിഎമ്മില്‍ 340 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. നാല് വീലിലേക്കും ഒരുപോലെ പവര്‍ എത്തും. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. സുരക്ഷയിലും സര്‍വ ശക്തനായാണ് കൊഡിയാക്കിന്റെ വരവ്. യൂറോ എന്‍.സി.എ.പി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കാന്‍ കൊഡിയാക്കിന് സാധിച്ചിരുന്നു. 

Skoda Kodiaq
Courtesy; Skoda India

ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, പെടസ്ട്രിയെന്‍ മോണിറ്റര്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, ഒമ്പത് എയര്‍ബാഗ്, ഇലക്ട്രോ മെക്കാനിക്കല്‍ പാര്‍ക്കിങ് ബ്രേക്ക്, ബ്ലൈന്റ് സ്‌പോര്‍ട്ട് ഡിട്ടെക്റ്റ്, ഓട്ടോ ലൈറ്റ് അസിസ്റ്റ്, ട്രാഫിക് ജാം അസിസ്റ്റ്  എന്നീ സുരക്ഷാ സംവിധാനങ്ങളാണ് ഇന്ത്യന്‍ കൊഡിയാക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. 16.25 കിലോമീറ്റര്‍ മൈലേജും കൊഡിയാക്കില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോര്‍ച്യൂണറിന് പുറമേ ഫോര്‍ഡ് എന്‍ഡവര്‍, മിട്‌സുബിഷി പജേറോ സ്‌പോര്‍ട്ട്, ഇസുസു എം-യുഎക്‌സ് എന്നിവയാണ് കൊഡിയാക്കിന്റെ എതിരാളികള്‍.