ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ എസ്.യു.വി. മോഡലായ കോഡിയാക്കിന്റെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റൈല്‍, സ്‌പോര്‍ട്ട്‌ലൈന്‍, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 34.99 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ടൊയോട്ട ഫോര്‍ച്യൂണര്‍, എം.ജി. ഗ്ലോസ്റ്റര്‍, മഹീന്ദ്ര അള്‍ട്ടുറാസ് ജി4 എന്നീ വാഹനങ്ങളുമായാണ് കോഡിയാക്ക് മത്സരിക്കുന്നത്. 

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഔറംഗാബാദിലെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌കോഡയുടെ ഈ ഏഴ് സീറ്റര്‍ എസ്.യു.വി. ഇന്ത്യയില്‍ മടങ്ങിയെത്തുന്നത്. 2020-ല്‍ ബി.എസ്.6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയതോടെയാണ് സ്‌കോഡ കോഡിയാക്ക് എസ്.യു.വി. വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.

Skoda Kodiaq

നിരത്തൊഴിഞ്ഞ മോഡലിന് സമാനമായ ഡിസൈനിലാണ് പുതിയ പതിപ്പ് ഒരുങ്ങിയിട്ടുള്ളത്. സ്‌കോഡയുടെ സിഗ്നേച്ചര്‍ സ്‌റ്റൈല്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, ക്രിസ്റ്റല്‍ലൈന്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പുതിയ ഫോഗ്‌ലാമ്പ്, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ മുന്‍ഭാഗത്തെ അലങ്കരിക്കുമ്പോള്‍ റാപ്പ് എറൗഡ് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പും പുതിയ ബമ്പറുമാണ് പുതിയ കോഡിയാക്കിന്റെ പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. 

അകത്തളത്തില്‍ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഇന്‍ബില്‍റ്റ് നാവിഗേഷനും വയര്‍ലെസ് സ്മാര്‍ട്ട്‌ലിങ്ക് സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള വെര്‍ച്വല്‍ കോക്ക്പിറ്റ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, 12 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവയാണ് അകത്തളകത്തില്‍ ഒരുങ്ങിയിട്ടുള്ള ഫീച്ചറുകള്‍. ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഇന്റീരിയറിനെ അലങ്കരിച്ചിരിക്കുന്നത്.

Skoda Kodiaq

മെക്കാനിക്കലായി വരുത്തിയിട്ടുള്ള മാറ്റമാണ് ഈ വാഹനത്തിലെ മറ്റൊരു പുതുമ. ബി.എസ്.4 മോഡലില്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഇതില്‍ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 187 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സാണ് (ഡി.എസ്.ജി) ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Skoda Kodiaq Facelift Launched In India, Skoda Kodiaq SUV, Skoda Cars, Skoda SUV