സ്‌കോഡയുടെ പുതിയ കരോക്ക്‌ എസ്.യു.വി അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പഴയ യെറ്റിക്ക് പകരക്കാരനാണ് കരോക്ക്‌. സ്‌കോഡ് നിരയില്‍ കൊഡിയാക്കിന് തൊട്ടുതാഴെയാണ് കരോക്കിന്റെ സ്ഥാനം. ഹ്യുണ്ടായ് ട്യൂസോണ്‍, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, ജീപ്പ് കോംപസ് എന്നിവ മത്സരിക്കുന്ന സെഗ്‌മെന്റിലേക്കാണ് കരോക്കുമായി സ്‌കോഡ വരുന്നത്. 

പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി വഴിയാണ് കരോക്ക്‌ ഇന്ത്യയിലെത്തുക. അതിനാല്‍ 20-25 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം. ആഗോളതലത്തില്‍ രണ്ട് പെട്രോള്‍, മൂന്ന് ഡീസല്‍ എന്‍ജിനുകളിലാണ് കരോക്ക്‌ വിപണിയിലുള്ളത്. 115 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI എന്‍ജിനും 150 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ TSI എന്‍ജിനുമാണ് പെട്രോളിലുള്ളത്‌. ഡീസല്‍ പതിപ്പില്‍ 1.6 ലിറ്റര്‍ ടര്‍ബോ (115 ബിഎച്ച്പി), 2.0 ലിറ്റര്‍ (150 ബിഎച്ച്പി), 2.0 ലിറ്റര്‍ (189 ബിഎച്ച്പി) എന്നിങ്ങനെയാണ് എന്‍ജിന്‍ ഓപ്ഷന്‍. ഡീസല്‍ ടോപ്പ് സ്‌പെക്കില്‍ സെവന്‍ സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. മറ്റ് വേരിയന്റുകളില്‍ 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

2.0 ലിറ്റര്‍ ഡീസല്‍ മോഡല്‍ ഇന്ത്യയിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യയിലുള്ള സ്‌കോഡ കൊഡിയാക്കിലും ഇതേ എന്‍ജിനാണുള്ളത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB  പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. 4382 എംഎം നീളവും 1841 എംഎം വീതിയും 1626 എംഎം ഉയരവും 2638 എംഎം വീല്‍ബേസും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. ഉയര്‍ന്ന് ബൂട്ട് സ്പേസാണ് കരോക്കിന്റെ മറ്റൊരു മേന്‍മ. 521 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം. 

Content Highlights; Skoda Karoq, Karoq SUV, Karoq

Courtesy; Carwale