സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ അവതരിപ്പിക്കുന്ന പുതിയ മോഡലാണ് കറോക്ക്‌. ഈ മാസം 18-ന് സ്വീഡനില്‍ ഔദ്യോഗികമായി പുറത്തിറങ്ങാനിരിക്കെ കറോക്കിന്റെ ആദ്യ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. വാഹനത്തിന്റെ മുന്‍ഭാഗവും ഹെഡ്‌ലൈറ്റും ടെയില്‍ ലാംമ്പും വ്യക്തമാക്കുന്ന ഗ്രാഫിക്കല്‍ രൂപമാണ് ടീസറിലുള്ളത്. നേരത്തെ നിരത്തിലുള്ള യെറ്റി എസ്.യു.വിക്ക് പകരക്കാരനായാണ് കറോക്കിന്റെ വരവ്. സ്‌കോഡ നിരയില്‍ കൊഡിയാക് എസ്.യു.വിക്ക് തൊട്ടുതാഴെയാകും ഇവന്റെ സ്ഥാനം. 

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ MQB പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ടിഗ്വാന്‍, ഔഡി Q 2 മോഡലുകളുടെ നിര്‍മാണവും ഇതേ പ്ലാറ്റ്‌ഫോമിലാണ്. നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചേര്‍സ്, പുതിയ ഡിസൈന്‍, ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ എന്നിവയോടാണ് പുതിയ എസ്.യു.വി വിപണിയിലെത്തുക. എന്നാല്‍ കറോക്ക് ഇന്ത്യയിലെക്കെത്തുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടുത്ത ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സ്‌കോഡ് ഇന്ത്യ കറോക്കിനെ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 

Karoq

4382 എംഎം നീളവും 1841 എംഎം വീതിയും 1605 എംഎം ഉയരവും 2638 എംഎം വീല്‍ബേസും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനില്‍ ടൂ വില്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റില്‍ കറോക്ക് ലഭ്യമാകും. ഇന്ത്യയിലെത്തിയാല്‍ ഏകദേശം 15-20 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും വിപണി വില. ഹ്യുണ്ടായി ടക്‌സണ്‍, ഹോണ്ട CR-V, വരാനിരിക്കുന്ന ജീപ്പ് കോംപാസ് എന്നിവയാകും ഇവിടെ സ്‌കോഡ കറോക്കിന്റെ പ്രധാന എതിരാളികള്‍. 

ഉയര്‍ന്ന് ബൂട്ട് സ്‌പേസാണ്‌ കറോക്കിലെ മറ്റൊരു മേന്‍മ. 521 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനിലും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TDI , 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും. എന്നാല്‍ ഇവയില്‍ എല്ലാ പതിപ്പുകളും ഒന്നിച്ച്‌ ഇന്ത്യയിലെത്താന്‍ സാധ്യത കുറവാണ്. 6 സ്പീഡ് മാനുവല്‍, സെവന്‍ സ്പീഡ് DSG ഓട്ടോ ബോക്‌സുമായിരിക്കും ട്രാന്‍സ്മിഷന്‍. 

Karoq