സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ യെറ്റിയുടെ പകരക്കാരനായി പുതിയ കറോക്ക് എസ്.യു.വി ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ സ്വീഡനില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. സ്‌കോഡ നിരയില്‍ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി കൊഡിയാക്കിന് തൊട്ടുതാഴെയാകും കറോക്കിന്റെ സ്ഥാനം. അടുത്ത വര്‍ഷം പകുതിയോടെ ഇവന്‍ ഇന്ത്യയിലേക്കെത്തും. ജീപ്പ് കോംപാസ്, ഫോക്‌സ്‌വാഗണ്‍ ടിഗ്വന്‍, ഹ്യുണ്ടായി ടക്‌സണ്‍, ഹോണ്ട സിആര്‍-വി എന്നിവയാണ് കറോക്കിന്റെ എതിരാളികള്‍. 

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ടിഗ്വാന്‍, ഔഡി Q2 മോഡലുകളുടെ നിര്‍മാണവും ഇതേ പ്ലാറ്റ്ഫോമിലാണ്. നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചേര്‍സ്, പുതിയ ഡിസൈന്‍, ടര്‍ബോ ചാര്‍ജ് എഞ്ചിന്‍ എന്നിവയോടാണ് വാഹനം നിരത്തിലെത്തിയത്. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ സ്‌കോഡ ഇന്ത്യ കറോക്കിനെ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ടൂ വില്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യത്തില്‍  കറോക്ക് ലഭ്യമാകും. 

Skoda Karoq

4382 എംഎം നീളവും 1841 എംഎം വീതിയും 1605 എംഎം ഉയരവും 2638 എംഎം വീല്‍ബേസും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 521 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം. ഇന്ത്യയിലെത്തിയാല്‍ ഏകദേശം 15-20 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും വില. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനിലും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TDI , 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും. 6 സ്പീഡ് മാനുവല്‍, സെവന്‍ സ്പീഡ് DSG ഓട്ടോ ബോക്സുമായിരിക്കും ട്രാന്‍സ്മിഷന്‍.