ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ കരുത്തനായ സാന്നിധ്യമാകാന്‍ സ്‌കോഡ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വാഹനമാണ് കുഷാക്ക് എസ്.യു.വി. ജൂലൈ മാസത്തോടെ ഈ വാഹനം വിപണിയില്‍ എത്തി തുടങ്ങുമെന്നാണ് നിര്‍മാതാക്കളായ സ്‌കോഡ അറിയിച്ചിട്ടുള്ളത്. അതേസമയം, കുഷാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ എത്തിയതിന് പിന്നാലെ കരോഖ് എസ്.യു.വിയെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിരിക്കുകയാണ് സ്‌കോഡ. എന്നാല്‍, ഇത് താത്കാലികമാണെന്നാണ് റിപ്പോര്‍ട്ട്.

സ്‌കോഡ മുമ്പ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ള യെറ്റി എന്ന വാഹനത്തിന്റെ പകരക്കാരനായാണ് കരോഖ് എത്തിയത്. മെയ് മാസത്തില്‍ അവതരിപ്പിച്ച ഈ വാഹനം മികച്ച ജനപ്രീതി സ്വന്തമാക്കുകയും ഒമ്പത് മാസത്തിനുള്ളില്‍ ആദ്യ ബാച്ചിലെ വാഹനങ്ങള്‍ വിറ്റ് തീരുകയും ചെയ്യുകയായിരുന്നു. 24.99 ലക്ഷം രൂപയായിരുന്നു കരോഖ് എസ്.യു.വിയുടെ എക്‌സ്‌ഷോറും വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഈ വാഹനത്തിന്റെ 1000 യൂണിറ്റാണ് ആദ്യ ബാച്ചിലെത്തിയത്.

എന്നാല്‍, സ്‌കോഡ ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിച്ച കുഷാക്ക് എസ്.യു.വി. ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് വിപണിയില്‍ എത്തുകയെന്നാണ് വിവരം. സ്‌കോഡ ഇന്ത്യയുടെ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് കുഷാക്ക്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വിഷന്‍-ഇന്‍ എന്ന പേരിലാണ് കുഷാക്കിന്റെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത്. പ്രൊഡക്ഷന്‍ പതിപ്പ് പ്രദര്‍ശിപ്പിച്ചെങ്കിലും ഈ വാഹനത്തിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല.

Skoda

ഫോക്‌സ്‌വാഗണ്‍-സ്‌കോഡ എന്നീ കമ്പനികള്‍ സംയുക്തമായി ഒരുക്കിയിട്ടുള്ള MQB പ്ലാറ്റ്‌ഫോമിലാണ് കരോഖ് എസ്.യു.വി. ഒരുങ്ങിയിരുന്നത്. 1.5 ലിറ്റര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് 148 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക്കായിരുന്നു ഇതിലെ ട്രാന്‍സ്മിഷന്‍. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഒമ്പത് സെക്കാന്റാണ് കരോഖ് എടുത്തിരുന്നത്.

അതേസമയം, 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി.എസ്.ഐ. എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് കുഷാക്ക് എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 1.5 ലിറ്റര്‍ എന്‍ജിന്‍ 147 ബി.എച്ച്.പി. പവറും ഉത്പാദിപ്പിക്കും. 1.0 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്റര്‍ മോഡലിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Skoda Karoq Removed From Sokda Official Website