കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാതെപോയ യെറ്റിക്ക് പകരക്കാരനായി സ്‌കോഡ അവതരിപ്പിക്കുന്ന മോഡലാണ് കറോക്ക്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സ്‌റ്റോക്ക്‌ഹോമില്‍ അവതരിപ്പിച്ച 5 സീറ്റര്‍ കറോക്കിന്റെ ആദ്യ പ്രൊഡക്ഷന്‍ യൂണിറ്റ് സ്‌കോഡ ഔദ്യോഗികമായി പുറത്തിറക്കി. വാണിജ്യാടിസ്ഥാനത്തില്‍ ഒക്ടോബറില്‍ നിരത്തിലെത്തുന്ന കറോക്കിന്റെ നിര്‍മാണവും ചെക്ക് റിപ്പബ്ലിക്കന്‍ പ്ലാന്റില്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു.  

Skoda

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB  പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. സ്‌കോഡ നിരയില്‍ ഫ്ലാഗ്ഷിപ്പ് എസ്.യു.വി കൊഡിയാക്കിന് തൊട്ടുതാഴെയാണ് കറോക്കിന്റെ സ്ഥാനം. ഗ്ലോബല്‍ ലോഞ്ചിന് ശേഷം കോംപാക്ട് എസ്.യു.വികള്‍ക്ക് മികച്ച വില്‍പനയുള്ള ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം പകുതിയോടെ കറോക്കെത്തും. വരാനിരിക്കുന്ന ജീപ്പ് കോംപാസ്, ഹ്യുണ്ടായി ടക്സണ്‍, ഹോണ്ട സിആര്‍-വി എന്നിവയാണ് ഇന്ത്യയില്‍ കറോക്കിന്റെ എതിരാളികള്‍. 

skoda

പുതിയ രൂപഘടനയ്‌ക്കൊപ്പം നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചേഴ്സ് സഹിതമാണ് കറോക്ക് വിപണിയിലെത്തുക. 2018 ഓട്ടോ എക്‌സ്‌പോയില്‍ കറോക്ക് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 15-20 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും വില. 85 പിഎസ് മുതല്‍ 190 പിഎസ് വരെ കരുത്തേകുന്ന മൂന്ന് എന്‍ജിനുകളില്‍ കറോക്ക് ഇന്ത്യയിലെത്താനാണ് സാധ്യത. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എന്‍ജിനിലും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TDI , 2.0 ലിറ്റര്‍ TDI ഡീസല്‍ എന്‍ജിനിലും വാഹനം ലഭ്യമാകും.

Skoda