ചെക്ക് വാഹന നിര്‍മാതാക്കളായ 'സ്‌കോഡ'യുടെ ഹാച്ച്ബാക്ക് വാഹനമായ 'ഫാബിയ'യുടെ നാലാം തലമുറ മോഡല്‍ അവതരിപ്പിച്ചു. ആഗോള വിപണി ലക്ഷ്യമാക്കിയാണ് സ്‌കോഡയുടെ ഈ ഹാച്ച്ബാക്ക് എത്തിയിട്ടുള്ളത്. ഫോക്‌സ് വാഗണ്‍-സ്‌കോഡ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള എം.ബി.ക്യു.എ.ഒ. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്.

സ്ഥലപരിമിതി മറികടക്കാന്‍ ഉതകുന്ന രീതിയിലാണ് പുതിയ പ്ലാറ്റ്ഫോം. മുന്‍ തലമുറ മോഡലിനെക്കാള്‍ 111 മില്ലീമീറ്റര്‍ നീളവും 48 മില്ലീമീറ്റര്‍ വീതിയും കൂട്ടിയാണ് പുതിയ ഫാബിയയുടെ വരവ്. 4107 എം.എം. നീളം, 1780 എം.എം. വീതി, 1460 എം.എം. ഉയരം, 2564 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് പുതിയ ഫാബിയയുടെ അളവുകള്‍.

അഴക്

പുതിയ ഡിസൈനിലുള്ള ഫുള്‍ എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍ ആകൃതിയിലുള്ള ഡി.ആര്‍.എല്‍., സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്‍, ക്ലാഡിങ്ങോടെയുള്ള ഫോഗ്ലാമ്പ് തുടങ്ങിയവയാണ് മുന്നഴക്. ക്രോമിയം വിന്‍ഡോ ലൈനും അഞ്ച് സ്പോക്കും അലോയ്വീലും വശങ്ങളെ ആകര്‍ഷകമാക്കുമ്പോള്‍ ടെയില്‍ ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്.

ക്രോമിയം ബോര്‍ഡറുകള്‍ നല്‍കി സ്‌പോര്‍ട്ടി ഭാവത്തിലുള്ള ടു സ്‌പോക്ക് സ്റ്റിയറിങ് വീല്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 9.2 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഡാഷ്ബോര്‍ഡിലൂടെ നീങ്ങുന്ന വെള്ളിവര എന്നിവയാണ് അകത്തളം അലങ്കരിക്കുന്നത്.

എന്‍ജിന്‍

ഒന്നില്‍ കൂടുതല്‍ എന്‍ജിനുകളുമായാണ് ഫാബിയ എത്തിയിട്ടുള്ളത്. 78 ബി.എച്ച്.പി. പവറും 93 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിന്‍ഡര്‍ എന്‍.എ. എന്‍ജിന്‍, 93 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ എന്നിവയാണവ. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനൊപ്പവും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 15.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ വാഹനത്തിനാകും.

Content Highlights: Skoda Fabia, Skoda Hatchback Fabia, Forth Generation Fabia