സ്‌കോഡയുടെ ഹാച്ച്ബാക്ക് മോഡലായ ഫാബിയയുടെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്താനുള്ള തയാറെടുപ്പിലാണ്. ഇന്ത്യന്‍ നിരത്തുകള്‍ക്ക് അന്യമാണെങ്കിലും വാഹനപ്രേമികളുടെ ഇഷ്ടതാരമായ ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഡിസൈന്‍ സ്‌കെച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. കഴിഞ്ഞ ദിവസം പുറംമോടിയുടെ ചിത്രങ്ങള്‍ സ്‌കോഡ പരസ്യമാക്കിയിരിക്കുന്നു. ഫാബിയയുടെ നാലാം തലമുറ മോഡലാണ് ഇനിയെത്താനൊരുങ്ങുന്നത്.

ഫാബിയയുടെ യൂറോപ്യന്‍ പതിപ്പായതിനാല്‍ തന്നെ ലെഫ്റ്റ് ഹാന്‍ഡ് മോഡലിന്റെ സ്‌കെച്ചാണ് ഒരുക്കിയിട്ടുള്ളത്. ക്രോമിയം ബോര്‍ഡറുകള്‍ നല്‍കിയുള്ള ടു സ്‌പോക്ക് സ്റ്റിയറിങ്ങ് വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ചെറുതാണെങ്കിലും ആകര്‍ഷകമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, താരതമ്യേന വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഡാഷ്‌ബോര്‍ഡിനെ കട്ട് ചെയ്ത നല്‍കിയിട്ടുള്ള സില്‍വല്‍ ലൈന്‍ എന്നിവയാണ് അകത്തളം അലങ്കരിക്കുന്നത്. 

ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള മോഡുലാര്‍ ട്രാന്‍സ്‌വേഴ്‌സ് MBQ-AO പ്ലാറ്റ്ഫോമിലാണ് നാലാം തലമുറ ഫാബിയ ഒരുങ്ങുന്നത്. വാഹനത്തില്‍ കൂടുതല്‍ സ്പേസ് നല്‍കാന്‍ സഹായിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ മുന്‍ തലമുറ മോഡലിനെക്കാള്‍ 111 എം.എം. നീളവും 48 എം.എം. വീതിയും കൂട്ടിയാണ് നാലാം തലമുറ ഫാബിയ എത്തുന്നത്. 50 ലിറ്റര്‍ ബൂട്ട് സ്പേസും ഉയര്‍ത്തിയിട്ടുണ്ട്. 

Skoda Fabia

ഫുള്‍ എല്‍.ഇ.ഡി. ലൈറ്റ് സംവിധാനമാണ് എക്‌സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ളത്. പുതിയ ഡിസൈനിലുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് ഡി.ആര്‍.എല്‍, സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല് തുടങ്ങിയവയാണ് മുന്‍വശത്തെ സ്റ്റൈലിഷാക്കുന്നത്. ക്രോമിയം വിന്‍ഡോ ലൈനും അഞ്ച് സ്പോക്കും അലോയി വീലും വശങ്ങളെ ആകര്‍ഷകമാക്കുമ്പോള്‍ ടെയ്ല്‍ ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്. ഈ സ്‌കെച്ചാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

ഒന്നില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഇത്തവണ ഫാബിയ എത്തും. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍.എ. എന്‍ജിന്‍, 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്നിവയായിരിക്കും ഇവ. 1.5 ലിറ്റര്‍ എന്‍ജിന്‍ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ മാത്രമായി പരിമിതപ്പെടുത്തും. അഞ്ച്, ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്സ് എന്നിവയായിരിക്കും പുതുതലമുറ ഫാബിയയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Skoda Fabia Interior Design Sketch Revealed