സ്കോഡ ഫാബിയ | Photo: Skoda Storyboard
ഡിസൈന്‍ സ്കെച്ചുകള്‍ പുറത്തുവിട്ടും ഫീച്ചറുകള്‍ വെളിപ്പെടുത്തിയും വാഹന പ്രേമികളില്‍ വളര്‍ത്തിയ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡയുടെ ഹാച്ച്ബാക്ക് വാഹനമായ ഫാബിയയുടെ നാലാം തലമുറ മോഡല്‍ അവതരിപ്പിച്ചു. മൂന്നാം തലമുറ മോഡലുകളെക്കാള്‍ സിംപിളായി ഒരുങ്ങിയാണ് ഫാബിയയുടെ പുതിയ മോഡല്‍ എത്തിയിട്ടുള്ളത്. ആഗോള വിപണികള്‍ ലക്ഷ്യമാക്കിയാണ് സ്കോഡയുടെ ഈ ഹാച്ച്ബാക്ക് എത്തിയിട്ടുള്ളത്.
ഫോക്സ്വാഗണ്-സ്കോഡ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MBQ-AO പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. കൂടുതല്‍ സ്പേസ് നല്കാന് സഹായിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്. മുന്‍ തലമുറ മോഡലിനെക്കാള്‍ 111 എം.എം. നീളവും 48 എം.എം. വീതിയും കൂട്ടിയാണ് ഫാബിയ എത്തിയിട്ടുള്ളത്. 4107 എം.എം. നീളം, 1780 എം.എം. വീതി, 1460 എം.എം. ഉയരം, 2564 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് പുതിയ ഫാബിയയുടെ അളവുകള്‍.
ആരേയും ആകര്‍ഷിക്കാന്‍ കഴിയുന്ന സൗന്ദര്യവും ഫാബിയയില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ഫുള്‍ എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് ഡി.ആര്.എല്‍, സ്കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ക്ലാഡിങ്ങിന്റെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ് തുടങ്ങിയവയാണ് മുന്‍വശത്തെ സ്റ്റൈലിഷാക്കുന്നത്. ക്രോമിയം വിന്‍ഡോ ലൈനും അഞ്ച് സ്പോക്കും അലോയി വീലും വശങ്ങളെ ആകര്ഷകമാക്കുമ്പോള് ടെയ്ല് ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്.
വിദേശ വിപണികള്‍ക്കായാണ് ഫാബിയ ഇത്തവണ എത്തിയിട്ടുള്ളത്. ക്രോമിയം ബോര്‍ഡറുകള്‍ നല്കി സ്പോര്‍ട്ടി ഭാവത്തിലുള്ള ടു സ്പോക്ക് സ്റ്റിയറിങ്ങ് വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 10.25 ഇഞ്ച് വലിപ്പമുള്ള ആകര്‍ഷകമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 9.2 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് പാനല്‍, ഡാഷ്ബോര്‍ഡിനെ കട്ട് ചെയ്ത നല്‍കിയിട്ടുള്ള സില്‍വല്‍ ലൈന്‍ എന്നിവയാണ് അകത്തളം അലങ്കരിക്കുന്നത്.
ഒന്നില്‍ കൂടുതല്‍ എന്ജിന് ഓപ്ഷനുകളിലാണ് ഫാബിയ എത്തിയിട്ടുള്ളത്. 78 ബി.എച്ച്.പി. പവറും 93 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍.എ. എന്ജിന്, 93 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടി.എസ്.ഐ ടര്‍ബോ ചാര്‍ജ്ഡ് എന്ജിന് എന്നിവയാണ് ഫാബിയയില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനൊപ്പവും ട്രാന്സ്മിഷന് ഒരുക്കുന്നത്. 15.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
Content Highlights: Skoda Fabia Forth Generation Model Unveiled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..