ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയില്‍ നിന്ന് നിരത്തുകളില്‍ എത്തിയിരുന്ന ഹാച്ച്ബാക്ക് വാഹനമായിരുന്നു ഫാബിയ. സ്‌കോഡയുടെ ഇന്ത്യയിലെ വാഹന നിരയില്‍ ഈ മോഡലില്ലെങ്കിലും വിദേശ നിരത്തുകളില്‍ ഇപ്പോഴും സജീവ സാന്നിധ്യമാണ്. ഹാച്ച്ബാക്ക് വാഹനങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ചിട്ടുള്ള ഈ വാഹനത്തിന്റെ 2021 പതിപ്പ് മെയ് മാസത്തില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ഈ വാഹാനത്തിന്റെ ഡിസൈന്‍ സ്‌കെച്ച് വെളിപ്പെടുത്തി.

സ്‌കോഡ ഫാബിയയുടെ നാലാം തലമുറ മോഡലാണ് വരവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുന്‍തലമുറ മോഡലുകളെക്കാള്‍ വലിപ്പവും സൗകര്യവും സൗന്ദര്യവും നല്‍കിയായിരിക്കും പുതിയ മോഡല്‍ എത്തുകയെന്നാണ് വിവരം. ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MBQ-AO പ്ലാറ്റ്‌ഫോമിലാണ് നാലാം തലമുറ ഫാബിയ ഒരുങ്ങുന്നത്. ഈ പ്ലാറ്റ്‌ഫോമിന്റെ ഇന്ത്യ പതിപ്പിലാണ് സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മോഡലുകള്‍ ഒരുങ്ങിയിരിക്കുന്നത്.

വാഹനത്തില്‍ കൂടുതല്‍ സ്‌പേസ് നല്‍കാന്‍ സഹായിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ മുന്‍ തലമുറ മോഡലിനെക്കാള്‍ 111 എം.എം. നീളവും 48 എം.എം. വീതിയും കൂട്ടിയാണ് നാലാം തലമുറ ഫാബിയ എത്തുന്നത്. 50 ലിറ്റര്‍ ബൂട്ട് സ്‌പേസും ഉയര്‍ത്തിയിട്ടുണ്ട്. 4107 എം.എം. നീളം, 1780 എം.എം. വീതി, 1460 എം.എം. ഉയരം, 2564 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് പുതിയ ഫാബിയയുടെ അളവുകള്‍. 380 ലിറ്ററാണ് ബൂട്ട് സ്‌പേസ്.

Skoda Fabia
സ്‌കോഡയുടെ ഡിസൈന്‍ സ്‌കെച്ച് | Photo: Skoda Storyboard

സ്‌കോഡ പുറത്തുവിട്ട സ്‌കെച്ച് അനുസരിച്ച് ഫുള്‍ എല്‍.ഇ.ഡി. ലൈറ്റ് സംവിധാനമായിരിക്കും ഇതില്‍ നല്‍കുക. പുതിയ ഡിസൈനിലുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍-ഷേപ്പ് ഡി.ആര്‍.എല്‍, സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല് തുടങ്ങിയവയാണ് മുന്‍വശത്തെ സ്‌റ്റൈലിഷാക്കുന്നത്. ക്രോമിയം വിന്‍ഡോ ലൈനും അഞ്ച് സ്‌പോക്കും അലോയി വീലും വശങ്ങളെ ആകര്‍ഷകമാക്കുമ്പോള്‍ ടെയ്ല്‍ ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്. ഇന്റീരിയര്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

Skoda Fabia
സ്‌കോഡയുടെ ഡിസൈന്‍ സ്‌കെച്ച് | Photo: Skoda Storyboard

ഒന്നില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഇത്തവണ ഫാബിയ എത്തും. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍.എ. എന്‍ജിന്‍, 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്നിവയായിരിക്കും ഇവ. 1.5 ലിറ്റര്‍ എന്‍ജിന്‍ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ മാത്രമായി പരിമിതപ്പെടുത്തും. അഞ്ച്, ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സ് എന്നിവയായിരിക്കും പുതുതലമുറ ഫാബിയയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Skoda Fabia Forth Generation Model Design Sketch Revealed