Image Courtesy: NDTV Car and Bike
ചെക്ക് വാഹനനിര്‍മാതാക്കളായ സ്കോഡ ഓട്ടോയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയുടെ കണ്‍സെപ്റ്റ് മോഡലായ എന്യാക് ഐ.വി അവതരിപ്പിച്ചു. ഫോക്സ്വാഗണ് കുടുംബത്തില്‍ നിന്നുള്ള എം.ഇ.ബി. മോഡുലാര്‍ കാര്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന എന്യാക് ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പില്‍ ഇറക്കുമെന്നാണ് സൂചന.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇലക്ട്രിക് വാഹനത്തിന്റെ സ്കെച്ച് സ്കോഡ പുറത്തുവിട്ടിരുന്നു. ഇതിന് സമാനമായാണ് കണ്‍സെപ്റ്റ് മോഡലും ഒരുങ്ങിയിരിക്കുന്നത്. ക്രിസ്റ്റല്‍ ഫെയ്സാണ് ഈ എസ്യുവിയുടെ സവിശേഷത. ഇനിയുള്ള മോഡലുകളിലും ഇത് തുടരും. 130 എല്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള പ്രകാശിക്കുന്ന ഗ്രില്ലാണ് ഈ വാഹനത്തിനുള്ളത്.
ഷാര്‍പ്പ് ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, റേസര്‍ ഷാര്‍പ്പ് ഡിസൈനിലുള്ള സ്പോര്‍ട്സ് എല്‍ഇഡി ടെയ്ല്‍ലൈറ്റ്, അടിസ്ഥാന വേരിയന്റില്‍ 18 ഇഞ്ചും ഉയര്‍ന്ന വേരിയന്റില്‍ 21 ഇഞ്ചും വലിപ്പമുള്ള അലോയി വീലുകള്‍, ഓപ്ഷണലായി നല്കുന്ന മാട്രിക്സ് ഹെഡ്ലൈറ്റ് എന്നിവയാണ് ഈ വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍.
ഫീച്ചറുകള്‍ കുത്തിനിറച്ചിട്ടില്ലാത്ത സിംപിള്‍ ഇന്റീരിയറാണ് എന്യാക്കിലുള്ളത്. ഉടമയുടെ ഇഷ്ടത്തിനനുസരിച്ച് പത്ത് തരത്തില്‍ കസ്റ്റമൈസ് ചെയ്യുന്നതിനുള്ള ഓപ്ഷന് അകത്തളത്തിനുണ്ട്. ഇതിനൊപ്പം 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനം, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ, മള്‍ട്ടി ഫങ്ങ്ഷന് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവയും അകത്തളത്തെ ആകര്‍ഷകമാക്കും.
ഒറ്റ ചാര്‍ജില്‍ 510 കിലോമീറ്റര്‍ വരെ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗം. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.2 സെക്കന്‍ഡ് മതി. ലിമിറ്റഡ് എഡിഷനായിട്ടാവും ആദ്യമെത്തുക. സ്കോഡയുടെ 125ാം വാര്‍ഷികത്തിനു മുന്നോടിയായാണ് കാര്‍ പുറത്തിറക്കുന്നത്.
Content Highlights: Skoda Electric SUV Enyaq iV Electric Unveil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..