ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് കൂഷാക്ക് മിഡ്-സൈസ് എസ്.യു.വി. മൂന്ന് വേരിയന്റുകളില്‍ 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെ എക്‌സ്‌ഷോറും വിലയില്‍ എത്തിയിട്ടുള്ള കുഷാക്ക്  ജൂലൈ 12 തിങ്കാളാഴ്ച മുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യ വില്‍പ്പന ആഘോഷമാക്കി മാറ്റാനുള്ള നീക്കത്തിലാണ് സ്‌കോഡയിപ്പോള്‍.

രഥയാത്ര ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് കുഷാക്കിന്റെ മാസ് ഡെലിവറി നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 60 വാഹനങ്ങള്‍ ഒരുമിച്ച വിതരണം ചെയ്യാനാണ് സ്‌കോഡ ഒരുങ്ങിയിരിക്കുന്നത്. അഹമ്മദാബാദിലായിരിക്കും ഈ വാഹനങ്ങള്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. ബുക്ക് ചെയ്തിട്ടുള്ള ഉപയോക്താക്കളുടെ മുന്‍ഗണന പരിഗണിച്ചായിരിക്കും വാഹനം കൈമാറുക. ഇതിനുള്ള വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി കഴിഞ്ഞതായും സൂചനയുണ്ട്.

കുഷാക്കിന്റെ 1.0 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോ എന്‍ജിന്‍ പതിപ്പിന്റെ വില്‍പ്പനയാണ് നാളെ മുതല്‍ ആരംഭിക്കുകയെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ മോഡല്‍ അടുത്ത മാസത്തോടെ കൈമാറാന്‍ സാധിച്ചേക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. രണ്ട് പെട്രോള്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലാണ് കുഷാക്ക് എത്തിയിരിക്കുന്നത്. ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ വേരിയന്റുകളാണ് ഈ എസ്.യു.വിക്കുള്ളത്. 

സ്‌കോഡ-ഫോക്സ്വാഗണ്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്ഫോമില്‍ ആദ്യമായി ഒരുങ്ങിയിട്ടുള്ള വാഹനമാണ് സ്‌കോഡ കുഷാക്ക്. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് വിലയിരുത്തല്‍. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എം.ജി. ഹെക്ടര്‍, റെനോ ഡസ്റ്റര്‍ എന്നീ വാഹനങ്ങളുമായാണ് ഇന്ത്യന്‍ നിരത്തുകളില്‍ കുഷാക്ക് ഏറ്റുമുട്ടുന്നത്. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി.എസ്.ഐ, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി.എസ്.ഐ. എന്നീ പെട്രോള്‍ ടര്‍ബോ എന്‍ജിനുകളാണ് കുഷാക്ക് എസ്.യു.വിയില്‍ പ്രവര്‍ത്തിക്കുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ എന്‍ജിന്‍ 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്കും 1.5 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവലിനൊപ്പം ഏഴ് സ്പീഡ് ഡി.എസ്.ജിയും ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Skoda Conducting Mass Delivery For Kushaq SUV To Celebrate Rath Yatra