കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്നവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരില്‍ വൈറസ് ബാധിക്കാതിരിക്കുന്നതിനുമായി സ്‌കോഡ് ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഫെയ്‌സ്ഷീല്‍ഡുകള്‍ നിര്‍മിക്കുന്നു. പ്രധാനമായും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഒരുങ്ങുന്ന ഫെയ്‌സ്ഷീല്‍ഡ് കമ്പനിയുടെ പൂനെയിലെ ചകാന്‍ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. 

ഫെയ്‌സ്ഷീല്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുന്നതിന്റെ ചിത്രങ്ങള്‍ വാഹനനിര്‍മാതാക്കള്‍ തന്നെയാണ് പുറത്തുവിട്ടത്. ഭാരം കുറഞ്ഞതും ഫോഗിനെ തടയുന്നതുമായിരിക്കും ഈ ഫെയ്‌സ്ഷീല്‍ഡ്. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം ഉപയോഗിക്കേണ്ടി വന്നാലും അസ്വസ്ഥതകള്‍ ഉണ്ടാവില്ലെന്നാണ് നിര്‍മാതാക്കളായ സ്‌കോഡ്-ഫോക്‌സ്‌വാഗണ്‍ പറയുന്നത്. 

ഒരു തവണ അണുമുക്തമാക്കിയാല്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫെയ്‌സ് ഷീല്‍ഡ് പുനരുപയോഗിക്കാനും കഴിയുന്നതാണ്. പൂനെയിലെ സസൂണ്‍ ആശുപത്രിയിലെ ഡീനിന്റെയും ഐസിയു ജീവനക്കാരുടെയും പക്കല്‍ നിന്നും ഡിസൈനിന് അംഗീകാരം നേടിയ ശേഷമാണ് ഷീല്‍ഡ് നിര്‍മിക്കാനാരംഭിച്ചതെന്നും കമ്പനി അറിയിച്ചു.

ഫെയ്‌സ് ഷീല്‍ഡിന് പുറമെ, പൂനെയിലെ സസൂണ്‍ ആശുപത്രിക്ക് ഒരു കോടി രൂപ നല്‍കുകയും മുംബൈ, പൂനെ, ഔറംഗബാദ്, എന്നീ സ്ഥലങ്ങളിലെ ആശുപത്രികള്‍ക്കായി 35,000 സാനിറ്റൈസേഴ്‌സും ഔറംഗാബാദിലെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് 50,000 ഭക്ഷണപൊതികളും സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ വിതരണം ചെയ്യുന്നുണ്ട്.

Content Highlights: Skoda Auto Volkswagen India Making Face Shield For Health Workers