ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കിയിട്ടുള്ള പുതിയ എസ്.യു.വി. മോഡലായ കുഷാക്കിന്റെ വരവിന് സമയം കുറിച്ചു. ജൂണ്‍ 28-ന് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഒരു തവണ നിരത്തുകളില്‍ എത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ വാഹനം കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

സ്‌കോഡ കുഷാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് മാസങ്ങള്‍ക്ക് മുമ്പുതന്നെ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, ഈ വാഹനത്തിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിനായാണ് ജൂണ്‍ 28-ന് സമയം കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സ്‌കോഡ പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യ 2.0 പദ്ധതിയുടെ തുടക്കമായാണ് കുഷാക്കിന്റെ വരവിനെ വിശേഷിപ്പിക്കുന്നത്. 

ഫോക്‌സ്‌വാഗണിന്റെ ചകാനിലെ ഫാക്ടറില്‍ ഈ മാസം ആദ്യമാണ് സ്‌കോഡ കുഷാക്കിന്റെ നിര്‍മാണം ആരംഭിച്ചത്. 95 ശതമാനവും പ്രദേശികമായി നിര്‍മിച്ച് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ഈ വാഹനം മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ കരുത്ത് തെളിയിച്ച ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എം.ജി. ഹെക്ടര്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 

എതിരാളികള്‍ക്കൊപ്പം നില്‍ക്കാല്‍ കഴിയുന്ന ഡിസൈനാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. സ്‌കോഡ സിഗ്‌നേച്ചര്‍ ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, സ്‌കോഡ ബാഡ്ജിങ്ങുള്ള ടെയ്ല്‍ഗേറ്റ്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, തുടങ്ങിയവയാണ് കുഷാക്ക് എസ്.യു.വിയുടെ എക്സ്റ്റീരിയര്‍ സ്‌റ്റൈലിഷാക്കുന്നത്. 

ഫീച്ചറുകളുടെ കലവറ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന അകത്തളമാണ് കുഷാക്കില്‍ നല്‍കിയിട്ടുള്ളത്. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, പിന്‍നിരയിലും എ.സി. വെന്റുകള്‍, എം.ഐ.ഡി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവയാണ് കുഷാക്കിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നത്. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ TSI, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ TSI എന്നീ പെട്രോള്‍ എന്‍ജിനുകളാണ് കുഷാക്കിലുള്ളത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 1.5 ലിറ്റര്‍ എന്‍ജിന്‍ 147 ബി.എച്ച്.പി. പവറും ഉത്പാദിപ്പിക്കും. 1.0 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്റര്‍ മോഡലിലെ ട്രാന്‍സ്മിഷന്‍.

Content Highlights:  Skoda Announce The Launch Date Of Kushaq SUV In India