.പ്രതീകാത്മക ചിത്രം | Photo: Maruti Suzuki
ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന എട്ട് സീറ്റര്‍ എസ്.യു.വികളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം വരുന്ന ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന എല്ലാ കാറുകള്‍ക്കും ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന് കരട് നിര്‍ദേശം 2022 ജനുവരിയാണ് പുറത്തുവരുന്നത്. മുന്‍നിരയില്‍ രണ്ട് സാധാരണ എയര്‍ബാഗും പിന്നിലെ രണ്ട് നിരകളിലായി കര്ട്ടണ് എയര്‍ബാഗും നല്‍കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കാറുകളിലെ അടിസ്ഥാന മോഡല്‍ മുതല്‍ മുന്‍നിരയില്‍ രണ്ട് എയര്‍ബാഗ് നല്‍കിയാണ് എത്തിയിട്ടുള്ളത്.
ഇന്ത്യയില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഈ നീക്കം. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണവും ഉയരുകയാണ്. വാഹനങ്ങളിലെ എയര്‍ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ അപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, എയര്‍ബാഗുകളുടെ എണ്ണം ഉയരുന്നതോടെ വാഹനത്തിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നതാണ് നിര്‍മാതാക്കള്‍ക്ക് മുന്നിലെ വെല്ലുവിളി.
ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള പല വാഹനങ്ങളുടെയും ഉയര്‍ന്ന വകഭേദത്തില്‍ പോലും ആറ് എയര്‍ബാഗുകള്‍ നല്‍കുന്നില്ല. കര്ട്ടണ് എയര്‍ബാഗുകള്‍ പോലുള്ളവ നല്‍കുന്നതിന് കാറുകളുടെ ബോഡി ഷെല്ലുകളിലും ഇന്റീരിയറിലും മറ്റും കാര്യമായ മാറ്റം വരുത്തേണ്ടി വരുമെന്നതും നിര്‍മാതാക്കള്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. എയര്‍ബാഗുകളുടെ എണ്ണം ഉയരുന്നതോടെ കാറുകളുടെ വിലയില്‍ വലിയ വര്‍ധനവ് വരുത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായേക്കും.
അടിസ്ഥാന വേരിയന്റില്‍ ഉള്‍പ്പെടെ ആറ് എയര്‍ബാഗുകള്‍ നല്കി ഇന്ത്യയില്‍ എത്തിയ ആദ്യ വാഹനമാണ് കിയ കാരന്‍സ് എന്ന എം.പി.വി. ഈ വാഹനത്തിന്റെ ചുവടുപിടിച്ച് മറ്റ് മോഡലുകളാണ് സെല്‍റ്റോസ്, സോണറ്റ് തുടങ്ങിയവയിലും ആറ് എയര്‍ബാഗുകള്‍ നല്‍കുമെന്നും സൂചനയുണ്ട്. മാരുതി സുസുക്കിയില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയിട്ടുള്ള ന്യൂ ഏജ് ബലേനോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദത്തിലും ആറ് എയര്‍ബാഗ് നല്‍കിയിട്ടുണ്ട്.
Content Highlights: Six airbag made mandatory in all cars says central government, Nitin Gadkari, Airbags
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..