പിറവിയെടുത്ത നാള്‍ മുതല്‍ ആഗോള വാഹന നിര്‍മാതാക്കളില്‍ ആഡംബരത്തിനും സുഖ സൗകര്യത്തിനും ആദ്യ റാങ്കുകളില്‍ തലയെടുപ്പോടെ ബ്രിട്ടീഷ് നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന് വ്യക്തമായ സ്ഥാനമുണ്ട്. കന്നിക്കാരനായിരിക്കുമ്പോള്‍ കമ്പനി അവതരിപ്പിച്ച ഐതിഹാസിക മോഡല്‍ ഫാന്റം 90 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജനപ്രീതിയില്‍ കോട്ടം തട്ടാതെ ഇന്നും നിലനിര്‍ക്കുന്നു. എന്നാല്‍ നിലവില്‍ നിരത്തിലുള്ള ഏഴാം തലമുറ ഫാന്റം നിര്‍മാണം റോള്‍സ് റോയ്‌സ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

Phantom

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഏഴാം തലമുറ ഫാന്റം ആദ്യമായി കമ്പനി അവതരിപ്പിച്ചത്. നിര്‍മാണം അവസാനിപ്പിച്ച് ഫാന്റത്തിന് ഗംഭീര യാത്രയയപ്പ് നല്‍കുന്നതിനായി ഏഴാം തലമുറ ഫാന്റം സ്‌പേഷ്യല്‍ എഡിഷന്‍ എന്ന പേരില്‍ പുതിയൊരു പതിപ്പ് പുറത്തിറക്കാനുള്ള അവസാനഘട്ട പണിപ്പുരയിലാണ് റോള്‍സ് റോയ്‌സ്. പ്രൗഡി ഒട്ടും ചോരാതെ ഫാന്റം പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള ഡിസൈനില്‍ കൂടുതല്‍ ഫീച്ചേര്‍സ് ഉള്‍പ്പെടുത്തിയാകും ആവസാന യൂണിറ്റ് ഫാന്റം നിരത്തിലെത്തുക. മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാറ്റമുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. 

Phantom

6.75 ലിറ്റര്‍ V 12 പെട്രോള്‍ എഞ്ചിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 459.4 പിഎസ് കരുത്തേകും. സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറക്കിയ ശേഷം അടുത്ത വര്‍ഷം തുടക്കത്തില്‍ ഫാന്റം എട്ടാം തലമുറ റോള്‍സ് റോയ്‌സ് പുറത്തിറക്കും. ആള്‍ അലൂമിനിയം പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന എട്ടാം തലമുറ ഫാന്റത്തിന് മുന്‍ മോഡലുകളെക്കാള്‍ ഭാരം വളരെ കുറവായിരിക്കും.