എംജി മോട്ടോര്‍സ് ഇന്ത്യയില്‍ പുറത്തിറക്കിയ ആദ്യ മോഡലാണ് 5 സീറ്റര്‍ എസ്.യു.വിയായ ഹെക്ടര്‍. വിപണിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രീതി നേടിയെടുക്കാന്‍ ഹെക്ടറിന് സാധിച്ചു. കമ്പനി പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ബുക്കിങ് കാരണം നിലവില്‍ ഹെക്ടറിനുള്ള ബുക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എംജി. ഇങ്ങനെ ഇന്ത്യയില്‍ ക്ലിക്കായി നില്‍ക്കുന്ന ഹെക്ടറിന് പുതിയ സെവന്‍ സീറ്റര്‍ പതിപ്പും വരുകയാണ്. ഇന്‍ഡൊനീഷ്യയില്‍ നടന്ന 2019 ഗെയ്ക്കിന്തോ ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയില്‍ ഈ സെവന്‍ സീറ്റര്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍. 

almaz

ചൈനീസ് വാഹന നിര്‍മാതാക്കളായ SAIC (ഷാങ്ഹായ് ഓട്ടോമൊബൈല്‍ ഇന്‍സ്ട്രി കോര്‍പ്പറേഷന്‍) ഉടമസ്ഥതിയുലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡാണ് എംജി. SAIC ക്കിന് കീഴിലുള്ള വൂളിങ്‌ ഓട്ടോമൊബൈല്‍സാണ് ഇന്‍ഡൊനീഷ്യയില്‍ അല്‍മാസ് എന്ന പേരില്‍ ഈ സെവന്‍ സീറ്റര്‍ എസ്.യു.വി അവതരിപ്പിച്ചത്. ഇന്‍ഡൊനീഷ്യയിലുള്ള അല്‍മാസും ഇന്ത്യന്‍ സ്‌പെക്ക് 5 സീറ്റര്‍ ഹെക്ടറും തമ്മില്‍ മുന്‍ഭാഗത്തെ ഗ്രില്‍ ലോഗോയിലും മറ്റ് ചെറിയ ഡിസൈനിലും മാത്രമേ കാര്യമായ മാറ്റമുള്ളു. സ്മാര്‍ട്ട് എന്‍ജോയ്, എക്‌സിക്യൂട്ടിവ് എന്നീ രണ്ട് വേരിയന്റുകളിലാണ് വൂളിങ്‌ മോട്ടോഴ്‌സിന്റെ അല്‍മാസ് ഇന്‍ഡൊനീഷ്യയില്‍ ലഭ്യമാവുക. 

സെവന്‍ സീറ്ററിലേക്ക് മാറി അഡീഷ്ണലായി മൂന്നാംനിര സീറ്റ് വന്നതോടെ എസ്.യു.വി ശ്രേണിയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ ഹെക്ടറിന് സാധിക്കും. അഡീഷ്ണലായി മൂന്നാം നിര സീറ്റ് ഉള്‍പ്പെടുത്തിയെങ്കിലും ഹെക്ടര്‍ 5 സീറ്ററും 7 സീറ്ററും തമ്മില്‍ നീളത്തിലും മറ്റും വ്യത്യാസമൊന്നുമില്ല. എന്‍ജിനും പഴയപടി തുടരും. അതേസമയം 140 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് വൂളിങ് അല്‍മാസിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുല്‍, സിവിടിയാണ് ഗിയര്‍ബോക്‌സ്‌. അടുത്ത വര്‍ഷം തുടക്കത്തോടെ എംജി ഹെക്ടര്‍ സെവന്‍ സീറ്റര്‍ ഇന്ത്യന്‍ വിപണിയിലെമെത്തുമെന്നാണ് സൂചന.

almaz

Content Highlights; Seven seater MG Hector launched in indonesia, Wuling Almaz launched, 7 seater MG Hector coming to india