ടാറ്റയുടെ 5 സീറ്റര്‍ പ്രീമിയം എസ്.യു.വി.യായ ഹാരിയര്‍ 2019 ജനുവരിയോടെ ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. ഇതിനോടകം ബുക്കിങ് ആരംഭിച്ച ഹാരിയറിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് അടക്കമുള്ള വിവരങ്ങളും നേരത്തെ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഹാരിയറിര്‍ 5 സീറ്റര്‍ മോഡലിന് പുറമേ ഒരു സെവന്‍ സീറ്റര്‍ പതിപ്പും വിപണിയിലെത്തുമെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹാരിയറിന്റെ 7 സീറ്റര്‍ മോഡല്‍ ടാറ്റ പുറത്തിറക്കുമെന്നാണ് സൂചന. 

എച്ച്7എക്‌സ് എന്ന കോഡ് നാമത്തിലുള്ള ഈ സെവന്‍ സീറ്റര്‍ എസ്.യു.വി.യുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് സെവന്‍ സീറ്റര്‍ ഹാരിയറിനും കരുത്തേകുക. 5 സീറ്റര്‍ ഹാരിയര്‍ 140 ബിഎച്ച്പി പവറാണ് നല്‍കുക, എന്നാല്‍ സെവന്‍ സീറ്ററില്‍ 170 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് തന്നെയായിരിക്കും ട്രാന്‍സ്മിഷന്‍. ആദ്യമെത്തുന്ന 5 സീറ്റര്‍ ഹാരിയറില്‍ തുടക്കത്തില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭ്യമാകു.

ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് സെവന്‍ സീറ്റര്‍ ഹാരിയറിലും കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. 5 സീറ്റര്‍ ഹാരിയറില്‍ നിന്ന് നീളം വര്‍ധിച്ചത് ഒഴികെ രൂപത്തിലും ഡിസൈനിലും മറ്റു മാറ്റങ്ങളൊന്നും സെവന്‍ സീറ്ററിനുണ്ടാകില്ല. 

Content Highlights; Seven-seat Tata Harrier likely to debut at Auto Expo 2020