ഗോള വാഹനവിപണിയെ ഒന്നാകെ ഉലച്ച് ചിപ്പ് ക്ഷാമം രൂക്ഷമാകുന്നു. ജനറല്‍ മോട്ടോഴ്‌സ്, ടൊയോട്ട, ഫോക്‌സ്വാഗണ്‍, ഫോര്‍ഡ്, വോള്‍വോ, നിസാന്‍, ഡെയിംലര്‍, ബി.എം.ഡബ്ല്യു, റിനോ, ജഗ്വാര്‍ ലാന്‍ഡ്‌റോവര്‍ എന്നിവയ്ക്കുപുറമേ ഇന്ത്യന്‍ കമ്പനികളായ മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനികളും സെപ്റ്റംബറില്‍ ഉത്പാദനം കുറയ്ക്കുന്നത് പ്രഖ്യാപിച്ചുകഴിഞ്ഞു. ജനപ്രിയ കാറുകള്‍ക്ക് കാത്തിരുപ്പ് നീളുമെന്നതും വില കൂടുമെന്നതുമാണ് ഇതിന്റെ പ്രധാന പ്രത്യാഘാതങ്ങള്‍. ആഗോളതലത്തില്‍ വാഹനവിപണിക്ക് 6,400 കോടി ഡോളറിന്റെ (ഏകദേശം 4.7 ലക്ഷം കോടി രൂപ) നഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നത്.

പുതിയ കാറുകളില്‍ ആധുനികസൗകര്യങ്ങളൊരുക്കുന്നതിനാണ് മൈക്രോചിപ്പുകള്‍ ഉപയോഗിക്കുന്നത്. ഇവയുടെ ക്ഷാമത്തില്‍ ജനറല്‍ മോട്ടോഴ്‌സ് അമേരിക്കയിലെ നാലും മെക്‌സിക്കോയിലെ മൂന്നും കാനഡയിലെ ഒരു പ്ലാന്റും സെപ്റ്റംബറില്‍ രണ്ടാഴ്ച അടച്ചിടാന്‍ തീരുമാനിച്ചു. ഫോര്‍ഡ് ട്രക്ക് നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ടൊയോട്ട സെപ്റ്റംബറിലെ ഉത്പാദനം 40 ശതമാനം വെട്ടിക്കുറച്ചു. ഒമ്പതുലക്ഷം വാഹനങ്ങള്‍ ലക്ഷ്യമിട്ടിരുന്ന കമ്പനി 5.4 ലക്ഷമായാണ് ചുരുക്കിയത്. ലോകത്തിലെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ ഈവര്‍ഷമാദ്യം ഉത്പാദനം വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണ്. ഈവര്‍ഷം വാഹനങ്ങളുടെ എണ്ണത്തില്‍ ഒരു ലക്ഷം വരെ കുറവുണ്ടാകുമെന്ന് റിനോ അറിയിച്ചു.

ഇന്ത്യയില്‍

രാജ്യത്ത് സെപ്റ്റംബറില്‍മാത്രം വാഹനവിപണിയില്‍ 7500 കോടി രൂപയുടെ വില്‍പ്പന നഷ്ടമാണ് കണക്കാക്കുന്നത്. സെപ്റ്റംബറില്‍ ഒരു ലക്ഷം കാറുകളുടെയെങ്കിലും ഉത്പാദനം കുറവായിരിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞമാസം ഇതിന്റെ പകുതിയോളമായിരുന്നു. ഇന്ത്യയില്‍ ഉത്സവകാലം മുന്‍നിര്‍ത്തി ശേഖരം പരമാവധി വിനിയോഗിച്ച് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ഓരോ കമ്പനിയുടെയും ശ്രമം. അതിനിടെയാണ് സെപ്റ്റംബറില്‍ രാജ്യത്തെ ഏറ്റവുംവലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 40 ശതമാനവും മഹീന്ദ്ര 25 ശതമാനം വരെയും ഉത്പാദനം കുറയ്ക്കുമെന്ന് അറിയിച്ചിട്ടുള്ളത്. രാജ്യത്ത് അഞ്ചുലക്ഷംവരെ ബുക്കിങ് നിലവില്‍ തീര്‍ക്കാനുണ്ട്. ഇത് വേഗം കൊടുത്തുതീര്‍ക്കാന്‍ കമ്പനികള്‍ക്കു കഴിയുന്നില്ല.

ക്ഷാമത്തിനു കാരണം

കോവിഡ് ലോക് ഡൗണ്‍ ഒരു ഘടകമാണ്. ലോക് ഡൗണില്‍ വീടുകളില്‍നിന്ന് ജോലിയെടുക്കുന്നതിനായി ലാപ്ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റുകള്‍, വെബ് ക്യാമറ, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് ആവശ്യം കൂടി. ഇത് ഈ മേഖലയില്‍ ചിപ്പുപയോഗം വര്‍ധിപ്പിച്ചു. ലോക് ഡൗണ്‍ നീങ്ങിയതോടെ ഗൃഹോപകരണങ്ങളുടെയും വാഹനങ്ങളുടെയും വില്‍പ്പന 2020 മൂന്നാം പാദത്തില്‍ അതിവേഗം തിരിച്ചെത്തി. ദീര്‍ഘകാല വില്‍പ്പന നഷ്ടം പ്രതീക്ഷിച്ച കമ്പനികള്‍ ചിപ്പുകള്‍ക്കുള്ള ഓര്‍ഡറുകള്‍ ഇതിനകം റദ്ദാക്കിയിരുന്നു. വില്‍പ്പന കൂടിയതോടെ പുതിയ ഓര്‍ഡറുകള്‍ നല്‍കിയെങ്കിലും ചിപ്പുനിര്‍മാണ കമ്പനികള്‍ക്ക് ആവശ്യം നിറവേറ്റാന്‍ ശേഷിയുണ്ടായില്ല. പുതിയ ഫാക്ടറികള്‍ തുടങ്ങി പ്രവര്‍ത്തനക്ഷമമാകുന്നതിന് രണ്ടുവര്‍ഷംവരെ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇതിനിടെ 5 ജി സാങ്കേതികവിദ്യ നടപ്പാക്കാനുള്ള ശ്രമങ്ങളും ചിപ്പുകള്‍ക്ക് ആവശ്യംകൂട്ടി.

പ്രത്യാഘാതം

ചിപ്പുകള്‍ക്ക് ആവശ്യം കൂടുന്നതിനാല്‍ വിലയുയര്‍ത്താന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നു. ഇത് ചിപ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും വിലവര്‍ധനയ്ക്കു കാരണമായിട്ടുണ്ട്.

പരിഹാരശ്രമങ്ങള്‍

കാര്‍നിര്‍മാതാക്കള്‍ ടെക്‌നോളജി കമ്പനികളുമായി നേരിട്ടുസഹകരിച്ച് ചിപ്പുകള്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സോഫ്റ്റ്വേറില്‍ മാറ്റംവരുത്തി പകരം മറ്റുചിപ്പുകള്‍ ഉപയോഗിക്കാനാണ് ടെസ്ലയുടെ ശ്രമം. തയ്വാനിലെ ചിപ്പ് നിര്‍മാതാക്കള്‍ അമേരിക്കയിലും ജപ്പാനിലും പുതിയ പ്ലാന്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണകൊറിയന്‍ വാഹനകമ്പനിയായ ഹ്യൂണ്ടായി അടുത്തവര്‍ഷം മുതല്‍ സ്വയം വികസിപ്പിച്ച വാഹനചിപ്പുകള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ ടാറ്റ സണ്‍സ് ചിപ്പ് നിര്‍മാണത്തിന്റെ സാധ്യതകള്‍ പരിശോധിച്ചു വരുന്നു.

Content Highlights: Semi Conductor Chip Shortage Affect Vehicle Production All Over The World