പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും സെക്കന്‍ഡ് ഹാന്‍ഡ് വാഹനവിപണിയെ ലോക്കിലാക്കിയിരിക്കുകയാണ്. വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കി നോക്കാന്‍ കഴിയാതെ ദിവസങ്ങളോളം കിടന്നതോടെ ഇവയില്‍ പലതിലും അറ്റകുറ്റപ്പണികള്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു ലക്ഷത്തിലേറെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളെങ്കിലും യാര്‍ഡുകളിലും മറ്റിടങ്ങളിലുമായി കിടക്കുന്നുണ്ടെന്നാണ് കണക്ക്.
മോട്ടോര്‍ സൈക്കിള്‍ മുതല്‍ വലിയ ചരക്കുവാഹനങ്ങള്‍ വരെയാണ് യാര്ഡുകളിലുള്ളത്. ഒരാഴ്ചയിലേറെയായി ഇവ സ്റ്റാര്‍ട്ടാക്കി പരിചരണം നടത്താത്തതിനാല്‍ ഇനി വാഹനം പുറത്തിറക്കുമ്പോള്‍ ബാറ്ററി തകരാറിലാകും, കൂടെ സ്റ്റാര്‍ട്ടിങ് പ്രശ്നവും. പ്രശ്നം പരിഹരിക്കാന്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 2,000 രൂപയ്ക്ക് മുകളില്‍ തുക ചെലവാക്കേണ്ടിവരും.
എന്നാല്‍, നാലുചക്ര വാഹനങ്ങള്‍ മുതല്‍ മുകളിലോട്ടുള്ള വാഹനങ്ങള്‍ക്ക് 5,000 രൂപ മുതല്‍ 50,000 രൂപ വരെ വേണ്ടിവരുമെന്നാണ് യൂഡ്സ് വെഹിക്കിള്‍ ഡീലേഴ്സ് പറയുന്നത്. കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ ആരംഭിച്ചപ്പോളുള്ള അതേ സ്ഥിതിയാണ് ഇപ്പോഴുമുള്ളതെന്നാണ് ഡീലേഴ്സ് പറയുന്നത്. അവശ്യ സര്‍വീസല്ലാത്തതിനാല്‍ ആരും ഇവരെ പരിഗണിക്കുന്നിമില്ല.
വാഹനങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ അടക്കം കിടക്കുകയാണ്. ഡീലേഴ്സിന് വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയുമാണ്. സംസ്ഥാനത്ത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന ആറായിരത്തോളം ഷോറൂമുകളും ഷോറുമുകളോ ഓഫീസോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായ അതിന്റെ ഇരട്ടിയോളം പേര് വേറെയുമുണ്ട്.
ഇവരുടെ വാഹനങ്ങള്‍ പലതും മേല്‍ക്കൂര പോലും ഇല്ലാത്ത ഇടങ്ങളിലാണ് കിടക്കുന്നത്. കഴിഞ്ഞതവണ ലോക്ഡൗണില്‍ പ്രശ്നം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ആഴ്ചയില്‍ ഒരിക്കല്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കാനും പരിചരണത്തിനുമായി ഇളവ് ലഭിക്കുകയും ചെയ്തിരുന്നു.
Content Highlights: Second Hand Vehicle Market Facing Crisis During Lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..