സെക്കന്‍ഹാന്‍ഡ് കാറുകള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക, മീറ്ററില്‍ ഓടിയ ദൂരം നോക്കി വാഹനം വാങ്ങിയാല്‍ ചിലപ്പോള്‍ പണികിട്ടും. ഓടിത്തളര്‍ന്ന വാഹനങ്ങള്‍ മീറ്ററില്‍ കൃത്രിമംനടത്തി 'അധികം ഓടാത്തവ'യാക്കി വില്‍ക്കുന്ന സംഘങ്ങള്‍ സജീവം. വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍വാഹന എന്‍ഫോഴ്സ്മെന്റിനു ലഭിച്ച വിവരങ്ങളനുസരിച്ച് കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നായി നൂറുകണക്കിനുവാഹനങ്ങളാണ് ഏജന്റുമാര്‍ കേരളത്തിലേക്കുകടത്തിയത്. 

സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്പന കൂടുതല്‍ നടക്കുന്ന മലപ്പുറം ജില്ലയിലേക്കാണ് ഇവയിലേറെയും വന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കോട്ടയ്ക്കലില്‍നിന്നുമാത്രം ഇത്തരത്തിലുള്ള പതിനഞ്ചിലേറെ കാറുകള്‍ പിടികൂടിയതായി ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷെഫീഖ് പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഏതെങ്കിലും കമ്പനികളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പിന്റെ വഴി

അനുമതിപത്രം (എന്‍.ഒ.സി.) ഇല്ലാതെ വരുന്ന കാറുകള്‍ സംസ്ഥാനാതിര്‍ത്തിയിലെത്തുമ്പോള്‍ സ്വകാര്യവാഹനത്തിന്റെ നിറത്തില്‍ നമ്പര്‍പ്ലേറ്റ് വെക്കും. അങ്ങനെ പരിശോധനയില്ലാതെ രക്ഷപ്പെടും. വാഹനങ്ങള്‍ വാടകയ്ക്കുകൊടുക്കുന്ന സ്ഥാപനങ്ങളില്‍ കുറഞ്ഞകാലംകൊണ്ട് ഏറെ കിലോമീറ്ററുകള്‍ ഓടിയ വാഹനങ്ങളാകും ഇവ. പെട്ടെന്ന് വിറ്റൊഴിവാക്കിയില്ലെങ്കില്‍ ഈ വാഹനങ്ങളില്‍ കൂടുതല്‍ പണിവരും. 

ഇക്കാര്യം മറച്ചുവെച്ച് മീറ്ററില്‍ കൃത്രിമംകാണിച്ച് ഇവിടെ വില്‍ക്കുകയാണ് ഏജന്റുമാര്‍ചെയ്യുന്നത്. വാഹനത്തിന്റെ വര്‍ഷം അധികമായിട്ടില്ലെന്നു കാണുമ്പോള്‍ വാങ്ങുന്നവര്‍ മീറ്ററിലെ കിലോമീറ്റര്‍ കണ്ട് വിശ്വസിക്കും. ചെറിയ വിലയ്ക്ക് അവിടെനിന്നു വാങ്ങുന്ന കാറുകള്‍ ഇവിടെ കൂടുതല്‍ വിലയ്ക്കാണ് വില്‍ക്കുന്നത്. കുറഞ്ഞ ഇനം മോഡലുകളാണെങ്കില്‍ത്തന്നെ ഒരുലക്ഷത്തിനുമുകളില്‍ ലാഭംകിട്ടും. കൂടിയ മോഡലുകളാണെങ്കില്‍ മൂന്നും നാലും ലക്ഷംവരെ ലാഭമുണ്ടാകും.

അപകടങ്ങളുമുണ്ടാക്കുന്നു

അനുമതിപത്രമോ വേണ്ടത്ര രേഖകളോ ഇല്ലാതെ ഓടുന്ന ഇത്തരം വാഹനങ്ങള്‍ റോഡില്‍ അപകടങ്ങളുണ്ടാക്കുന്നുമുണ്ട്. കഴിഞ്ഞദിവസം കോട്ടയ്ക്കലില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടയില്‍ ഒരു കാര്‍ ഇരുചക്രവാഹനക്കാരനെ ഇടിച്ചിട്ടുപോയി. അതും ഇത്തരമൊരു കാറായിരുന്നു.

Content Highlights: Second Hand Cars Form Other States, Vehicle Meter Cheating