ന്ത്യയിലെ സെഡാന്‍ വാഹനങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമാണ് ഹോണ്ടയുടെ എന്‍ട്രി ലെവല്‍ കോംപാക്ട് സെഡാന്‍ മോഡലായ അമേസ്. ലുക്കിലും ഫീച്ചറുകളിലും ശ്രദ്ധേയമായ ഈ വാഹനത്തിന്റെ പുതുതലമുറ പതിപ്പിന്റെ വില്‍പ്പന പുത്തന്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. 2018-ല്‍ വിപണിയില്‍ അവതരിപ്പിക്കുകയും പിന്നീട് ചെറിയ മുഖംമിനുക്കല്‍ നടത്തുകയും ചെയ്ത ഈ പതിപ്പ് മൂന്ന് വര്‍ഷത്തില്‍ രണ്ട് ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്.

ഹോണ്ട ഇന്ത്യയുടെ വാഹന നിരയിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലുമാണ് അമേസ്. 2013 ഏപ്രില്‍ മാസത്തിലാണ് ഈ വാഹനം ആദ്യമായി വിപണിയില്‍ എത്തിയത്. ഇതിനോടകം 4.6 ലക്ഷം യൂണിറ്റാണ് അേേമസിന്റെ ആദ്യ തലമുറ മോഡലിനും നിലവിലെ മോഡലിനുമായി ലഭിച്ചിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലെത്തിയ ഈ വാഹനത്തിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 6.32 ലക്ഷം മുതല്‍ 9.05 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 8.66 ലക്ഷം മുതല്‍ 11.15 ലക്ഷം രൂപ വരെയുമാണ് വില. 

2013 ഏപ്രിലിലാണ് അമേസിന്റെ ആദ്യ തലമുറ മോഡല്‍ വിപണിയിലെത്തിയത്. 2018 മാര്‍ച്ച് വരെ ഈ മോഡലിന്റെ 2.6 ലക്ഷം യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. തുടര്‍ന്ന് 2018 മേയ് മാസത്തില്‍ രണ്ടാം തലമുറ അവതരിപ്പിക്കുകയും ഇതുവരെ രണ്ട് ലക്ഷം യൂണിറ്റ് വിറ്റഴിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഹോണ്ട ഇന്ത്യ നല്‍കുന്ന റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അമേസ് ഏറ്റവുമൊടുവില്‍ മുഖംമിനുക്കിയത്. ഇതിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മികച്ച വില്‍പ്പന ലഭിച്ചിട്ടുള്ളത്. 

ക്രോമിയം സ്ട്രിപ്പുകള്‍ നല്‍കി പുതുക്കി പണിത ഗ്രില്ല്, വീതി കുറഞ്ഞതും എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ളതുമായ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, സിറ്റിയുമായി സാമ്യം പുലര്‍ത്തുന്ന ബമ്പര്‍, ക്ലാഡിങ്ങിന്റെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്ലാമ്പ് എന്നിവയാണ് ഈ മുഖംമിനുക്കലില്‍ വരുത്തിയിട്ടുള്ള പുതുമകള്‍. കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മോടിപിടിപ്പിക്കുന്നതിനുള്ള ആക്‌സെന്റുകളുമാണ് അകത്തളത്തിന് പുതുമ നല്‍കുന്നത്. 

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. പെട്രോള്‍ എന്‍ജിന്‍ 90 പി.എസ്. പവറും 110 എന്‍.എം.ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 100 പി.എസ്. പവറും 200 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ സി.വി.ടി ട്രാന്‍സ്മിഷന്‍ മോഡല്‍ 80 പി.എസ്. പവറും 160 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം മാനുവല്‍. സി.വി.ടി. ട്രാന്‍സ്മിഷനുകള്‍ നല്‍കുന്നുണ്ട്.

Content Writer: Second-Gen Honda Amaze Crosses 2 Lakh Sales Milestone, Honda Amaze, Honda cars