സൗദി ടീം, റോൾസ് റോയിസ് ഫാന്റം | Photo: AFP, Rolls Royce
ഫിഫ വേള്‍ഡ് കപ്പിലെ അര്‍ജന്റീന-സൗദി അറേബ്യ പോരാട്ടത്തില്‍ കളക്കളത്തില്‍ ഇറങ്ങും മുമ്പുതന്നെ അര്‍ജന്റീന-മെസ്സി ആരാധകര്‍ വിജയം ഉറപ്പിച്ചിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ മെസിയുടെ കാലില്‍ ആദ്യ ഗോള്‍ പിറന്നതോടെ വിജയം ഒരിക്കല്‍ കൂടി ഉറപ്പിച്ചു. എന്നാല്‍, കളിക്കാരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സൗദിയുടെ താരങ്ങള്‍ രണ്ട് തവണയാണ് അര്‍ജന്റീനയുടെ വല കുലുക്കിയത്. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടു.
അര്‍ജന്റീനയുടെ ആരാധകര്‍ പരാജയത്തിന്റെ നൊമ്പരം അറിഞ്ഞെങ്കിലും വലിയ ഫാന്‍ ബേസ് അവകാശപ്പെടാനില്ലാത്ത സൗദിക്കും കളക്കാര്ക്കും ഇത് സ്വപ്ന തുല്യമായ നേട്ടങ്ങളാണ് സമ്മാനിച്ചത്. വിജയാഘോഷം പൊടിപൊടിക്കുന്നതിനായി സൗദിയില്‍ പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അര്‍ജന്റീന എന്ന വമ്പൻ ടീമിനെ പരാജയപ്പെടുത്തിയ സൗദി ടീമിലെ എല്ലാ താരങ്ങൾക്കും സ്വപ്ന തുല്ല്യമായ സമ്മാനമാണ് സൗദിയിലെ ഭരണാധികാരികള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം.
ഖത്തര്‍ പര്യടനം കഴിഞ്ഞെത്തുന്ന സൗദി താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍ വില മതിക്കുന്ന റോള്‍സ് റോയിസ് ഫാന്റം കാറുകളാണ്. ടീമിലുണ്ടായിരുന്ന എല്ലാ താരങ്ങള്‍ക്കും സൗദി റോള്‍സ് റോയിസ് ഫാന്റം സമ്മാനമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ അത്യാഡംബര വാഹനമായ റോള്‍സ് റോയിസ് ഫാന്റത്തിന് 8.99 കോടി രൂപ മുതല്‍ 10.48 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
1994-ല്‍ നടന്ന വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ സൗദിക്ക് വേണ്ടി ഗോള്‍ നേടിയ സെയിദ് അല്‍ ഓവ്എയ്റന് അന്നത്തെ സൗദി രാജാവ് റോള്‍സ് റോയിസ് കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഈ സംഭവം നിലനില്‍ക്കുന്നതിനാല്‍ തന്നെ അര്‍ജന്റീനയ്ക്കെതിരേ വിജയം നേടിയ ടീം അംഗങ്ങള്‍ക്ക് റോള്‍സ് റോയിസ് സമ്മാനിക്കുമോയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ താരങ്ങളെ ആദരിക്കാന്‍ രാജകുടുംബം തീരുമാനിച്ചത്.
Source: NDTV
Content Highlights: Saudi Arabia Royal Family gifts Rolls Royce Phantom cars to Football Players
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..