സുരക്ഷാ സംവിധാനം കാര്യക്ഷമമല്ലെന്നാണ് ഇന്ത്യയിലെ വാഹനങ്ങളെ കുറിച്ച് പരക്കെയുള്ള ആക്ഷേപം. എന്നാല്‍, സുരക്ഷ ശക്തമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള സുരക്ഷ ഉറപ്പാക്കിയ വാഹനങ്ങളെ പരിചയപ്പെടാം. 

വാഹനങ്ങളിലെ സുരക്ഷ പരിശോധിക്കുന്ന ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം(എന്‍സിഎപി) നടത്തിയ ക്രാഷ് ടെസ്റ്റില്‍ പങ്കെടുക്കുകയും മികച്ച റേറ്റിങ് സ്വന്തമാക്കുകയും ചെയ്ത നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലോടുന്നുണ്ട്. അതില്‍ തന്നെ സാധാരണക്കാരന് സ്വന്തമാക്കാവുന്ന വാഹനങ്ങളും ഏറെയാണ്. 

1. മാരുതി വിറ്റാര ബ്രെസ

Brezza Crash Test

ഇന്ത്യന്‍ വാഹനങ്ങളില്‍ ഏറ്റവും ഒടുവില്‍ ക്രാഷ് ടെസ്റ്റില്‍ നേട്ടമുണ്ടാക്കിയ വാഹനമാണ് മാരുതിയുടെ വിറ്റാര ബ്രെസ. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ സുരക്ഷയുമാണ് മാരുതിയുടെ ഈ കോംപാക്ട് എസ്‌യുവി നേടിയത്.

ഡ്യുവല്‍ എയര്‍ബാഗ്, ഐസോ ഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നീ സുരക്ഷ സന്നാഹങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രെസയാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിലെ മുന്‍നിര യാത്രക്കാരനും ഡ്രൈവറിനും മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

2. ഫോക്‌സ്‌വാഗണ്‍ പോളൊ

Polo Crash Test

വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരക്ഷയില്‍ കരുത്ത് തെളിയിച്ച ഹാച്ച്ബാക്കാണ് ഫോക്‌സ്‌വാഗണ്‍ പോളൊ. എയര്‍ബാഗ് ഉള്ളതും ഇല്ലാത്തതുമായ മോഡലുകള്‍ ടെസ്റ്റിനെത്തിയെങ്കിലും എയര്‍ബാഗ് ഉള്ള മോഡല്‍ മാത്രമാണ് ക്രാഷ് ടെസ്റ്റ് അതിജീവിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടേതില്‍ മൂന്ന് സ്റ്റാറും റേറ്റിങ്ങാണ് പോളൊ സ്വന്തമാക്കിയത്. 

പോളൊയുടെ ഡുവല്‍ എയര്‍ബാഗ് മോഡലാണ് ടെസ്റ്റില്‍ പിടിച്ച് നിന്നത്. ടെസ്റ്റിന് വിധേയമാകുന്ന സമയത്ത് പോളൊയില്‍ എബിഎസ് സംവിധാനം അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പോളൊയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ് ഒരുക്കുന്നുണ്ട്.

3. ടാറ്റ നെക്‌സോണ്‍

TATA Nexon

ഇന്ത്യന്‍ നിരത്തിലെ തരംഗമായിക്കൊണ്ടിരിക്കുന്ന കോംപാക്ട് എസ്‌യുവിയാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ പുറത്തിറക്കിയ നെക്‌സോണ്‍. മികച്ച സ്റ്റൈലിനൊപ്പം അത്യാവശ്യ സുരക്ഷയും ഉറപ്പാക്കുന്ന ഈ വാഹനം എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാല് സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയിട്ടുണ്ട്.

അടുത്തിടെയാണ് നെക്‌സോണ്‍ ക്രാഷ് ടെസ്റ്റിന് അയച്ചത്. രണ്ട് എയര്‍ബാഗും എബിഎസ് സുരക്ഷാ സംവിധാനവുമുള്ള മോഡലാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മുന്‍നിര യാത്രക്കാരനും ഡ്രൈവറിനും മികച്ച സുരക്ഷ ഒരുക്കാന്‍ സാധിക്കുന്നത് ഏറെ പ്രശംസ പിടിച്ചുപറ്റിയുരുന്നു.

4. ടൊയോട്ട എത്തിയോസ് ലിവ

Liva Crash test

സുരക്ഷയുടെ കാര്യത്തില്‍ വിശ്വസിക്കാന്‍ സാധിക്കുന്ന മറ്റൊരു ഹാച്ച്ബാക്കാണ് ടൊയോട്ടയുടെ എത്തിയോസ് ലിവ. 2016-ല്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടെ സുരക്ഷയില്‍ രണ്ടും സ്റ്റാര്‍ റേറ്റിങ്ങാണ് എത്തിയോസ് ലിവ സ്വന്തമാക്കിയത്. 

ക്രാഷ് ടെസ്റ്റില്‍ ഡുവല്‍ എയര്‍ബാഗ് സംവിധനമുള്ള വാഹനമാണ് അവതരിപ്പിച്ചതെങ്കിലും പിന്നാലെയെത്തിയ മോഡലില്‍ ഐസോ ഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നീ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. 

5. ടാറ്റ സെസ്റ്റ്

Crash Test

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ കരുത്ത് തെളിയച്ച വാഹനമാണ് ടാറ്റയുടെ സെഡാന്‍ മോഡലായ സെസ്റ്റ്. എയര്‍ബാഗിന്റെ അഭാവമാണ് ആദ്യത്തെ പരാജയത്തിന് കാരണം. പിന്നീട് ഡുവല്‍ എയര്‍ബാഗുമായെത്തിയ വാഹനം മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാറും റേറ്റിങ് നേടുകയായിരുന്നു.

നിലവില്‍ ടാറ്റ നിരത്തിലെത്തിക്കുന്ന സെസ്റ്റിന് എര്‍ബാഗിനൊപ്പം എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം ഒരുക്കുന്നുണ്ട്.