വാഹനത്തിന്റെ പ്രകടനം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് റഷ്യന്‍ വ്‌ളോഗര്‍ തന്റെ ആഡംബര എസ്‌യുവിയായ മെഴ്‌സിഡസ് എഎംജി ജി60, 1000 അടി ഉയരത്തില്‍ നിന്ന് താഴെയിട്ട് നശിപ്പിച്ചു. മഞ്ഞ് മലയിലെത്തിച്ച വാഹനം ഹെലികോപ്റ്ററില്‍ പൊക്കി 1000 അടി ഉയരത്തിലെത്തിച്ചാണ് താഴെയിട്ടത്.
റഷ്യന്‍ പൗരനായ ഇഗോ മോസ് 2018 മാര്‍ച്ചിലാണ് മെഴ്‌സിഡീസ് എഎംജി ജി63 എസ്‌യുവി സ്വന്തമാക്കിയത്. 2,70,000 യൂറോ ആയിരുന്നു ഈ വാഹനത്തിന്റെ വില (ഇന്ത്യയില്‍ 2.58 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില). എന്നാല്‍, ഈ വാഹനത്തിന് തുടര്‍ച്ചയായി തകരാര്‍ വന്നിരുന്നതായാണ് അദ്ദേഹം ആരോപിക്കുന്നത്.
വാഹനവുമായി സര്‍വീസിനെത്തുമ്പോള്‍ വാറന്റി കാലാവധി അവസാനിച്ചെന്ന് കാണിച്ച് ഷോറൂം ജീവനക്കാര്‍ വാഹനം നന്നാക്കി നല്‍കാന്‍ വിസമ്മതിക്കുകയും കൂടി ചെയ്തതോടെ അയാള്‍ അസ്വസ്ഥനാകുകയായിരുന്നു. തുടര്‍ന്നാണ് വാഹനം നശിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാല്‍, ഈ വാദത്തെ പൊളിച്ചടുക്കുന്ന റിപ്പോര്‍ട്ടാണ് കൊലേസ എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്. 1000 അടി ഉയരത്തില്‍ നിന്ന് വാഹനം താഴെയിടുമെന്ന് തന്റെ സുഹൃത്തുമായി പന്തയം വെച്ചതിനെ തുടര്‍ന്നാണ് മോസ് ഈ സാഹസം ചെയ്തതെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്.
എന്തായാലും ഉയരത്തില്‍ നിന്ന് മഞ്ഞുമലയില്‍ പതിച്ച വാഹനം പൂര്‍ണമായും തകര്‍ന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വീഡിയോ ഇതിനോടകം പത്ത് ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.
മെഴ്‌സിഡീസിന്റെ എസ്‌യുവി മോഡലാണ് എഎംജി ജി63. 4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 585 ബിഎച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമേകും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Russian Man Drops his Mercedes AMG G63 from a Helicopter