ആഡംബര വാഹനലോകത്തെ ബ്രാന്‍ഡ് നെയിം റോള്‍സ് റോയ്‌സ് തങ്ങളുടെ ഡ്രൈവറില്ലാ കാര്‍ അവതരിപ്പിച്ചു. കെട്ടിലും മട്ടിലും ആഡംബരം എന്ന വാക്കിനെ പോലും കടത്തിവെട്ടുന്ന രൂപഘടനയാണ് കാറിനുള്ളത്.

RR 0

റോള്‍സ് റോയ്‌സ് വിഷന്‍-100 എന്നാണ് കമ്പനി നല്‍കിയ പേര്. ആഡംബരം ഇഷ്ടപ്പെടുന്ന ഭാവിയിലെ ഉപഭോക്താക്കളെയാണ് വിഷന്‍-100 ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവസം ലണ്ടനിലെ റൗണ്ട്ഹൗസില്‍ കാര്‍ അവതരിപ്പിച്ചു. 

Rolls Roys

റോള്‍സ് റോയ്‌സിന്റെ ആദ്യത്തെ കണ്‍സപ്റ്റ്‌ കാറാണിത്. അടുത്തേക്ക് വരുന്നുവെന്ന് അറിയിക്കുന്ന മിന്നല്‍ സംവിധാനം, ചുവപ്പ് പരവതാനി എന്നിവയാണ് കാറിന്റെ എടുത്തുപറയേണ്ട പ്രത്യേകതകള്‍. കാറിന് അകത്തേക്ക് കയറാനായി വാതില്‍ ബദ്ധപ്പെട്ട് തുറക്കേണ്ട ആവശ്യമില്ല. സുഖമായി കയറിയിരിക്കുന്നതുവരെ കാര്‍ ഡോറും തുറന്ന് കാത്തിരിക്കും. കയറിയാലുടന്‍ കാറിന്റെ വാതിലും മേല്‍ക്കൂരയും തനിയെ അടഞ്ഞുകൊള്ളും.

RR 2

രൂപഘടനയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സിന്റേതെന്ന് മാത്രം അവകാശപ്പെടാവുന്ന പല കാര്യങ്ങളും വിഷന്‍-100 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ അല്‍പ്പം പരിഷ്‌ക്കരിച്ചിട്ടാണെന്ന് മാത്രം. അതിലൊന്നാണ് ഈ ബ്രാന്‍ഡിന്റെ ക്ലാസിക് പാന്തിയോണ്‍ ഗ്രില്‍. ഇത് പക്ഷേ അല്‍പ്പം ചെറുതാക്കിയിട്ടുണ്ടെങ്കിലും വാഹനത്തിന്റെ ഗാംഭീര്യത്തിന് ഒട്ടും കുറവു വരുത്തുന്നില്ല.

RR3

കുറഞ്ഞ സ്ഥലത്ത് ഫലപ്രദമായ രീതിയിലാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍  ലഗ്ഗേജ് വെക്കാനുള്ള ഇടവും കാറില്‍ ആവോളമുണ്ട്. ഇത് കാറിനെ കൂടുതല്‍ മെലിഞ്ഞതും സ്‌പോര്‍ട്‌സ് സ്‌റ്റൈല്‍ ലുക്കും നല്‍കുന്നു. പിന്‍ ഗ്ലാസില്‍ നിന്നും വളഞ്ഞ് വരുന്ന രീതിയിലാണ് കാറിന്റെ കാബിന്‍ മേല്‍ക്കൂര തയ്യാറാക്കിയിരിക്കുന്നത്. 28 ഇഞ്ചുള്ള മെലിഞ്ഞ ചക്രങ്ങള്‍ പ്രത്യേകം ചട്ടക്കൂടിനകത്താണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

RR 4

മരം കൊണ്ടുള്ള ചുമരും തുകലും പട്ടും ചേര്‍ന്ന സോഫയും പരവതാനിയും ഒഎല്‍ഇഡി സ്‌ക്രീനുമാണ് കാറിലുള്ളത്. ഡ്രൈവിംഗിനായി ഒരു ഭാഗമില്ലെന്നര്‍ത്ഥം. ഡ്രൈവര്‍ക്ക് പകരം 'ഇലീനര്‍' എന്ന സംവിധാനമാണുള്ളത്. കാറിനെ നിയന്ത്രിക്കുന്നതിനൊപ്പം സഞ്ചരിക്കുന്നയാള്‍ എങ്ങനെ ഒരു മീറ്റിംഗിനും മറ്റു പരിപാടികള്‍ക്കും തയ്യാറാവണമെന്നും പറഞ്ഞുതരും. കാറിലിരുന്ന് സിനിമ കാണാനും പാട്ടുകേള്‍ക്കാനുമെല്ലാം ഇലീനര്‍ സഹായിക്കും.

RR 5

വിഷന്‍-100നെക്കുറിച്ച് ആവേശത്തോടെയാണ് കമ്പനിയുടെ ഡിസൈന്‍ ഡയറക്ടര്‍ ഗില്‍സ് ടെയ്‌ലര്‍ പ്രതികരിച്ചത്. ''ഒരു യഥാര്‍ത്ഥ ആഡംബര വാഹനത്തിന്റെ സാധ്യതകളേക്കുറിച്ചുള്ള ഞങ്ങളുടെ ധാരണകളുടെ ഫലമാണിത്'-ടെയ്‌ലര്‍ പറഞ്ഞു. 

RR 6

1906ല്‍ ഇംഗ്ലണ്ടിലാണ് റോള്‍സ് റോയ്‌സ് സ്ഥാപിക്കപ്പെടുന്നത്. സമൂഹത്തിലെ കുലീനരും രാജവംശത്തില്‍പ്പെട്ടവരുമായിരുന്നു പ്രധാന ഉപയോക്താക്കള്‍. 2003ല്‍ റോള്‍സ് റോയ്‌സിനെ ബിഎംഡബ്ലിയൂ സ്വന്തമാക്കി.