ത്തവണത്തെ ജനീവ ഓട്ടോഷോയില്‍ റോള്‍സ് റോയ്‌സ് അവതരിപ്പിച്ച വജ്രായുധം വജ്രച്ചായമണിഞ്ഞ ഗോസ്റ്റ് എലഗന്‍സ് മോഡലാണ്. വജ്രച്ചായം എന്നാല്‍ വജ്രം അസംസ്‌കൃതവസ്തുവായി ഉപയോഗിച്ചുള്ള ചായം തന്നെ. 1000 വജ്രങ്ങള്‍ പെടിച്ചെടുത്ത ചായം ഉപയോഗിച്ചാണ് എലഗന്‍സിന്റെ ബോഡി പെയിന്റ് ചെയ്തത്. റോല്‍സ് റോയ്‌സ് ഇതുവരെ പുറത്തിറക്കിയവയില്‍ പെയിന്റിങ്ങിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും ഈ മോഡലിനാണ്.

Rolls-Royce Ghost

'ഡയമണ്ട് സ്റ്റാര്‍ഡസ്റ്റ്' എന്നാണ് കമ്പനി ആത്യാഡംബര താരത്തിന് നല്‍കിയ ചുരുക്കപ്പേര്‌. അസംബ്ലിലൈനിലൂടെ വര്‍ഷവും പതിനായിരക്കണക്കിന് കാറുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയല്ല റോള്‍സ്. ഇടപാടുകാര്‍ക്ക് ഓഡറനുസരിച്ച് കസ്റ്റമൈസ് ചെയ്ത വാഹനങ്ങളാണവരുടെ പ്രധാനമേഖല. ഇടപാടുകാര്‍ ഭൂരിപക്ഷവും സ്വന്തം സമ്പത്ത് വിളിച്ചറിയിക്കാന്‍ കൊതിക്കുന്ന ശതകോടീശ്വരന്മാരായതിനാല്‍ കാറിനേക്കാള്‍ പണം കസ്റ്റമൈസ് ചെയ്യാന്‍ അവര്‍ മുടക്കിക്കൊള്ളും. അങ്ങനെയാണ് ഇന്നേവരെ ആരും കണ്ടിട്ടില്ലാത്ത പെയ്ന്റടിച്ച ഗോസ്റ്റ്  വിഭാവനം ചെയ്യപ്പെട്ടത്.

ഇംഗ്ലണ്ടിലെ ഗുഡ്‌വുഡിലെ റോള്‍സിന്റെ ആസ്ഥാനത്തുള്ള വിദഗ്ധരാണിതിന് പിന്നില്‍. കര്‍ശനമായ ഗുണമേന്മാപരിശോധനകള്‍ക്ക് വിധേയമാക്കിയ 1000 വജ്രങ്ങള്‍ പൊടിച്ച് ധൂളികളാക്കിയതിന് ശേഷം അത് അത് സുതാര്യമായ വര്‍ണദ്രവത്തില്‍ മിശ്രണം ചെയ്തശേഷമാണ് ചായം നിര്‍മിച്ചത്. വാഹനത്തിന് മേല്‍ ഈ ചായം പൂശാനും സവിശേഷ സാങ്കേതികവിദ്യകള്‍ കമ്പനി ഉപയോഗിച്ചു.

Rolls-Royce Ghost

ചായക്കൂട്ടില്‍ വ്യാപിച്ചുകിടക്കുന്ന വജ്രത്തരികള്‍ കഴുകുമ്പോഴും മറ്റും കൈകളില്‍ പറ്റാതിരിക്കാന്‍ വജ്രച്ചായത്തിന് മുകളിലൂടെ ലാക്വറിന്റെ ഒരു പടലവും പൂശിയിട്ടുണ്ട്. ഇതിനായി അണ്ണാന്‍മുടി കൊണ്ടുണ്ടാക്കിയ ബ്രഷുകള്‍ ഉപയോഗിച്ച് രണ്ടു ദിവസം കലാകാരന്മാര്‍ കൈ കൊണ്ടും ചായം തേച്ചു. ഈ വാഹനത്തിന് ഓഡര്‍ നല്‍കിയ കോടീശ്വരന്‍ ആരെന്നോ കാറിന് റോള്‍സ് എത്രയാണ് വിലയിട്ടതെന്നോ വെളിപ്പെടുത്തിയിട്ടില്ല.

Rolls Royce