കാറുകളില്‍ അത്യാഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്‌സ്. കഴിഞ്ഞ നാലു വര്‍ഷമായി ലോകത്തെ ഏറ്റവും വില കൂടിയ കാര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലായിരുന്നു ജര്‍മന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ്. ഒടുവിലിപ്പോള്‍ 12.8 മില്ല്യന്‍ യുഎസ് ഡോളര്‍ (ഏകദേശം 84 കോടി രൂപ) വിലമതിക്കുന്ന സ്വെപ്‌ടെയില്‍ മോഡല്‍  ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് റോള്‍സ് റോയ്‌സ്. ഇറ്റലിയില്‍ വെച്ച് നടന്ന കണ്‍കോര്‍സ ഡി എലഗാന്‍സെ പ്രദര്‍ശനത്തിലാണ്‌ സ്വെപ്റ്റ്ടെയിലിനെ കമ്പനി പുറത്തിറക്കിയത്. അടിമുടി പുതുമോഡിയില്‍ തൊട്ടാല്‍ പൊള്ളുന്ന സ്വെപ്റ്റ്‌ടെയിലിന്റെ ഒരെയൊരു മോഡല്‍ മാത്രമാണ് റോള്‍സ് റോയ്‌സ് പുറത്തിറക്കിയത്. 

അത്യപൂര്‍വ്വ വിന്റേജ് കാര്‍ ശേഖരമുള്ള വാഹന പ്രേമിയുടെ ആവശ്യാനുസരണമാണ് വാഹനം നിര്‍മിച്ചത്. എന്നാല്‍ കോടിപതിയായ ആ ഉപഭോക്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. പൂര്‍ണമായും ഉപഭോക്താവിന്റെ ഇഷ്ടത്തിനും ആശയത്തിനും അനുസൃതമായാണ് സ്വെപ്‌ടെയിലിന്റെ നിര്‍മാണം. 1920-30 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ടൂ സീറ്റര്‍ റോള്‍സ് റോയ്‌സ് സ്വെപ്‌ടെയിലിന്റെ രൂപഘടനയിലാണ് വാഹനം അണിയിച്ചൊരുക്കിയത്. ഫാന്റം മോഡലിന് സമാനമാണ് നീളമേറിയ സോളിഡ് അലൂമിനിയം ഫ്രണ്ട് ഗ്രില്‍. നീളമേറിയ ബോണറ്റും കനം കുറഞ്ഞ എല്‍.ഇ.ഡി ഹെഡ് ലൈറ്റും ഉള്‍പ്പെട്ട മുന്‍ഭാഗം പ്രൗഡി വിളിച്ചോതും.  

Rolls-Royceപൂര്‍ണമായും കൈപണിയില്‍ തീര്‍ത്തതാണ് വാഹനത്തിന്റെ പല ഭാഗങ്ങളും. പേര് സൂചിപ്പിക്കുന്നതു പോലെ രൂപത്തില്‍ റിയര്‍ എന്‍ഡിലാണ് സ്വെപ്‌ടെയില്‍ വിസ്മയം ഒളിപ്പിച്ചുവെച്ചത്. മുന്‍ഭാഗത്ത് നിന്നും പിന്നിലേക്ക് ഒഴുകിയെത്തുന്ന ഗ്ലാസില്‍ തീര്‍ത്തതാണ് മേല്‍ക്കൂര. എന്നാല്‍ ഒരെ സമയം രണ്ടു പേര്‍ക്ക് മാത്രമേ കാറില്‍ സഞ്ചിരിക്കാനാകു. തിളക്കമാര്‍ന്ന ഗ്ലാസ് ഷെല്‍ഫാണ് റിയര്‍ സീറ്റുകള്‍ക്ക് പകരം നല്‍കിയത്. നിര്‍മാതാക്കള്‍ റോള്‍സ് റോയസ് ആയതിനാല്‍ തന്നെ അകത്തളം അത്യാഡംബരം തുളുമ്പുന്നതാണ്. മൊക്കാസിന്‍, ഡാര്‍ക്ക് സ്പൈസ് ലെതര്‍ അപ്ഹോള്‍സ്റ്ററിയിലാണ് ക്യാബിന്‍ ഒരുക്കിയത്. 

Rolls Royce

ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ആഢംബരമേറിയ അകത്തളമാണ് സ്വെപ്‌ടെയിലിനെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്‌. മക്കാസര്‍ തടിയും ടൈറ്റാനിയം സൂചിയും ഉപയോഗിച്ച് നിര്‍മ്മിച്ച റോള്‍സ് റോയ്സ് ക്ലോക്കാണ് അകത്തളത്തെ മറ്റൊരു സവിശേഷത. അലൂമിനിയത്തില്‍ തീര്‍ത്ത 08 ഐഡറ്റിഫികേഷന്‍ നമ്പറും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഫാന്റം കൂപ്പെയില്‍ നല്‍കിയ അതേ 6.75 ലിറ്റര്‍ V12 എഞ്ചിനാണ് റോള്‍സ് റോയ്‌സ് സ്വെപ്‌ടെയിലിനും കരുത്തേകുക.

Rolls-Royce Sweptail

Rolls Royce