കൊറോണ വൈറസ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ ബോറടിച്ചിരിക്കുന്നവര്‍ക്കായി കിടലന്‍ മത്സരവുമായി ആഡംബര വാഹനനിര്‍മാതാക്കളായ റോള്‍സ് റോയിസ്. നിങ്ങള്‍ ഭാവിയില്‍ കാണാനിഷ്ടപ്പെടുന്ന റോള്‍സ് റോയിസ് കാറുകളുടെ ഡിസൈന്‍ വയ്ക്കുന്ന മത്സരമാണ് കമ്പനി നടത്തുന്നത്. 

യങ് ഡിസൈനര്‍ കോമ്പറ്റീഷന്‍ എന്ന പേരിട്ടിരിക്കുന്ന ഈ മത്സരം 16 വയസില്‍ താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് നടത്തുന്നത്. കുട്ടികളുടെ ഇമാജിനേഷനും ക്രിയേറ്റിവിറ്റിയും തിരിച്ചറിയുന്നതിനായാണ് ഭാവി വാഹനങ്ങളുടെ ഡിസൈന്‍ എന്ന മത്സരമെന്നാണ് റോള്‍സ് റോയിസ് അറിയിച്ചിരിക്കുന്നത്. 

എല്ലാ വര്‍ഷവും ഇംഗ്ലണ്ടിലെ ഗുഡ്‌വുഡില്‍ വെച്ച് നടക്കുന്ന റോള്‍സ് റോയിസ് എംപ്ലോയീസ് ഫാമിലി ഡേ സെലിബ്രേഷന്റെ ഭാഗമായി ഈ മത്സരം നടത്തിവരാറുള്ളതാണ്. മാര്‍ക്വിസ് ഡിസൈന്‍ ടീമാണ് ഏറ്റവും മികച്ച ഡിസൈന്‍ തിരിഞ്ഞെടുക്കുകയെന്നാണ് റോള്‍സ് റോയിസ് അറിയിച്ചിരിക്കുന്നത്. 

ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അവരുണ്ടാക്കിയ ഡിസൈന്റെ മിനിയേച്ചര്‍ രൂപവും സ്‌കൂള്‍ തുറക്കുന്ന ആദ്യ ദിവസം കൂട്ടുകാര്‍ക്കൊപ്പം റോള്‍സ് റോയിസില്‍ സ്‌കൂള്‍ യാത്രയുമാണ് സമ്മാനമായി നല്‍കുന്നത്. രണ്ടാം സ്ഥാനക്കാരന് റോള്‍സ് റോയിസ് സിഇഒ സര്‍ട്ടിഫിക്കറ്റും നല്‍കും.

Content Highlights: Rolls Royce Starts Younger Design Competition