പതിറ്റാണ്ട് അവസാനിക്കും മുമ്പ് തന്നെ ഞങ്ങളുടെ ഇലക്ട്രിക് കാര്‍ വിപണിയില്‍ അവതരിപ്പിക്കും. ലോകത്തിലെ തന്നെ അത്യാഡംബര വാഹനങ്ങളുടെ അതികായനായ റോള്‍സ് റോയിസ് 2020-ല്‍ നടത്തിയ പ്രഖ്യാപനമാണിത്. ഈ പ്രഖ്യാപനമെത്തി ഒരു വര്‍ഷം മാത്രം പിന്നിട്ടതോടെ റോള്‍സ് റോയിസിന്റെ ഇലക്ട്രിക് വാഹനം ഒരുങ്ങിയിരിക്കുകയാണ്. സെപ്റ്റംബര്‍ 29-ഓടെ റോള്‍സ് റോയിസ് ഇലക്ട്രിക് വാഹനം സംബന്ധിച്ച പ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

ലോകത്തിലെ വാഹന മേഖലയുടെ ഭാവി ഇലക്ട്രിക്കിലാണെന്ന് 1900-കളില്‍ റോള്‍സ് റോയിസിന്റെ സ്ഥാപകരില്‍ ഒരാളായ ചാള്‍സ് റോള്‍സ് അഭിപ്രായപ്പെട്ടിരുന്നതായി റോള്‍സ് റോയിസ് മോട്ടോര്‍ സി.ഇ.ഒ. ടോര്‍സ്റ്റണ്‍ മുള്ളര്‍ ഒക്ട്‌വോസ് പറഞ്ഞു. 120 വര്‍ഷത്തിനിപ്പുറം അദ്ദേഹത്തിന്റെ വീക്ഷണം അനുസരിച്ചുള്ള ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ റോള്‍സ് റോയിസ് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സൂപ്പര്‍ ലക്ഷ്വറി കാര്‍ സൃഷ്ടിക്കുന്നത് ചരിത്രപരമായ ദൗത്യമായാണ് കണക്കാക്കുന്നത്. 

റോള്‍സ് റോയിസിന്റെ എന്‍ജിനിയര്‍മാരുടെയും വാഹന ഡിസൈനര്‍മാരുടെയും മറ്റ് വിദഗ്ധരുടെയും കഴിവുകളും പ്രാവിണ്യവും മികവും തെളിയിക്കുന്നതായിരിക്കും കമ്പനിയില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനം. റോള്‍സ് റോയിസ് ആരാധകര്‍ സങ്കല്‍പ്പിക്കുന്നതിനെക്കാള്‍ അധികം സൗന്ദര്യവും സൗകര്യവും നല്‍കുമെന്നും കമ്പനിയുടെ മേധാവി ഉറപ്പുനല്‍കി. ഈ വാഹനം സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തല്‍ എന്നതിനപ്പുറം മറ്റ് വിവരങ്ങള്‍ റോള്‍സ് റോയിസ് പുറത്തുവിട്ടിട്ടില്ല.

Rolls Royce
റോള്‍സ് റോയിസ് ഇലക്ട്രിക് കണ്‍സെപ്റ്റ് | Photo: Rolls Royce

ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള സമയമായെന്ന് തോന്നുമ്പോള്‍ മാത്രമായിരിക്കും റോള്‍സ് റോയിസ് ഈ മേഖലയിലേക്ക് എത്തൂവെന്നാണ് നിര്‍മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നത്. റോള്‍സ് റോയിസില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനം പൂര്‍ണമായും ബാറ്ററി ഇലക്ട്രിക് വാഹനമായിരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഒരു തരത്തിലുള്ള ഹൈബ്രിഡ് വാഹനങ്ങളുടെയും നിര്‍മാണം റോള്‍സ് റോയിസിന്റെ പരിഗണനയില്ലെന്നാണ് നിര്‍മാതാക്കള്‍ മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുള്ളത്. 

ആഡംബര വാഹന നിര്‍മാതാക്കള്‍ എന്ന മേല്‍വിലാസം സ്വീകരിക്കുന്നതിന് മുമ്പ് റോള്‍സ് റോയിസ് സ്ഥാപകര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ തുടക്കകാരായിരുന്നെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. റോള്‍സ് റോയിസ് സ്ഥാപിക്കുന്നതിന് മുമ്പ് ചാള്‍സ് റോള്‍സ്, ഹെന്റി റോയിസ് എന്നവര്‍ ശബ്ദവും പുകയും ഇല്ലാത്തതും കൂടുതല്‍ പവറും ടോര്‍ക്കും നല്‍കുന്ന വാഹനങ്ങളും നിര്‍മിക്കാനാണ് ശ്രമിച്ചത്. പിന്നീടാണ് അവര്‍ ഇലക്ട്രിക് കരുത്ത് വിട്ട് പരമ്പരാഗത ഇന്ധനത്തിലോടുന്ന വാഹനം നിര്‍മിക്കാനിറങ്ങിയത്. 

Rolls Royce
റോള്‍സ് റോയിസ് ഇലക്ട്രിക് കണ്‍സെപ്റ്റ് | Photo: Rolls Royce

ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുന്ന കുറഞ്ഞ റേഞ്ചും, ചാര്‍ജിങ്ങ് സംവിധാനങ്ങളുടെ അഭാവവുമാണ് ഇവരെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് ചരിത്രം വെളിപ്പെടുത്തുന്നത്. ഇലക്ട്രിക് കാറുകള്‍ ശബ്ദരഹിതവും മലിനീകരണമില്ലാത്തതുമാണ്, വിറയലോ, ഗന്ധങ്ങളോ ഉണ്ടാവില്ല. ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ സുലഭമായാല്‍ ഏറ്റവും ഉപയോഗപ്രദമായ ഒന്നാണ് ഇലക്ട്രിക് വാഹനം എന്നാണ് 1900 ദി മോട്ടോര്‍ കാര്‍ ജേണലിന് നല്‍കിയ അഭിമുഖത്തില്‍ റോള്‍സ് പറഞ്ഞത്. 

ഇലക്ട്രിക് കാറുകള്‍ വേഗത്തില്‍ സേവനയോഗ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇലക്ട്രിക് ചാര്‍ജിങ്ങിനായി ഫുള്‍ഹാമിലെ ലില്ലി റോഡിലുള്ള തന്റെ കാര്‍ ഷോറൂമില്‍ ചാര്‍ജിങ്ങ് സ്‌റ്റേഷന്‍ നല്‍കിയാണ് അദ്ദേഹം ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നീക്കത്തിന് തുടക്കമിട്ടത്. 1904-ല്‍ ചാള്‍സ് റോള്‍സ് കോണ്ടല്‍ ഇലക്ട്രോമൊബൈല്‍ ഇലക്ട്രിക് കാറുമായി കരാറിലെത്തിയിരുന്നു. എന്നാല്‍, ഹെന്റി റോയിസുമായുള്ള കൂടിക്കാഴ്ചയോടെ ഈ കരാര്‍ റദ്ദാക്കുകയായിരുന്നു. 

Rolls Royce
റോള്‍സ് റോയിസ് കാറുകള്‍ | Photo: Rolls Royce

നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ലോകത്തിന്റെ പല വിപണികളിലും ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് സംബന്ധിച്ച ആശങ്കയും ചാര്‍ജിങ്ങ് സംവിധാനങ്ങളുടെ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, നിരവധി രാജ്യങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുന്നതിനുള്ള നീക്കത്തിലാണ്. അതുകൊണ്ട് തന്നെ റോള്‍സ് റോയിസിന്റെ ആദ്യ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തിക്കുന്നതിനുള്ള സമയം അതിക്രമിച്ചെന്നാണ് വിശ്വസിക്കുന്നതെന്നാണ് റോള്‍സ് റോയിസ് നല്‍കിയിട്ടുള്ള വിശദീകരണം. 

വരാനിരിക്കുന്നത് റോള്‍സ് റോയിസിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ ആണെങ്കിലും മുമ്പ് രണ്ട് തവണ കമ്പനി ഇലക്ട്രിക് വാഹന കണ്‍സെപ്റ്റുകള്‍ പുറത്തിറക്കിയിരുന്നു. 2011-ല്‍ 102 EX എന്ന കോഡ് നാമത്തില്‍ നിര്‍മിച്ച ഫാന്റം എക്‌സ്പിരിമെന്റല്‍ ഇലക്ട്രിക് ആയിരുന്നു ആദ്യത്തെ ഇലക്ട്രിക് മോഡല്‍. പിന്നീട് 2016-ല്‍ റോള്‍സ് റോയിസ് 103EX എന്ന കോഡ് നെയിമില്‍ റോള്‍സ് റോയിസ് വിഷന്‍ നെക്‌സ്റ്റ് 100 എന്ന മോഡലും പുറത്തിറക്കിയിരുന്നു. ഇവ രണ്ടും പ്രൊഡക്ഷന് ഉദ്ദേശിച്ചായിരുന്നില്ല നിര്‍മിച്ചതെന്നും കമ്പനി അറിയിച്ചിരുന്നു.

Source: Car and Bike

Content Highlights: Rolls Royce Electric Model In Cards, Launces Soon, Rolls Royce Cars