
-
നിരത്തുവാഴാന്‍ റോള്‍സ്റോയ്സ് സില്‍വര്‍ ബുള്ളറ്റ്. നൂറ്റാണ്ടു പഴക്കമുള്ള റോഡ്സ്റ്ററില്നിന്ന് പ്രചോദിതമായി ഡോണ്‍ സില്‍വര്‍ ബുള്ളറ്റ് കാറുമായി ബ്രിട്ടീഷ് അത്യാഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ്റോയ്സ്.
1920കളിലെ മോഡലുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിർമിക്കുന്ന രണ്ടു സീറ്റുള്ള ഈ ആഡംബര വാഹനം വെറും അന്പതെണ്ണം മാത്രമായിരിക്കും പുറത്തിറക്കുക. ഡോണ്‍ കണ്‍വെര്‍ട്ടബിള്‍ ആധാരമാക്കി റോള്‍സ് റോയ്സ് നിര്‍മിക്കുന്ന വാഹനത്തിന്റെ ആദ്യ സ്കെച്ചുകള്‍ കമ്പനി പുറത്തുവിട്ടു.
നാലുസീറ്റുകളുള്ള ഡോണിന്റെ പിന്നിലെ രണ്ടെണ്ണം ടൈറ്റാനിയം മെറ്റാലിക് സില്‍വര്‍ ബട്രസുകളായിട്ടാണ് മാറ്റിയിരിക്കുന്നത്. സില്‍വര്‍ ഡോണ്‍, സില്‍വര്‍ കിങ്, സില്‍വര്‍ സൈലന്‍സ്, സില്‍വര്‍ സ്പെക്ടര് എന്നിവപോലെ കാറിന്റെ ബോഡി വെള്ളിനിറമാണ്. ഹെഡ്ലൈറ്റിലും ബമ്പറിലും ഡാര്‍ക്ക് ഡീറ്റെയ്ലിങ്ങുമുണ്ട്. അകത്ത് കാര്‍ബണ്‍ ഫൈബര്‍ ഡാഷ്ബോഡും സെന്‍ട്രല്‍ കണ്‍സോളിനെ പൊതിഞ്ഞ് ക്വില്‍റ്റഡ് ലതറുമുണ്ട്.
ഡോണിലെ 6.6 ലിറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് സില്‍വര്‍ ബുള്ളറ്റിനും കരുത്തേകുക. 571 ബി.എച്ച്.പി. കരുത്ത് സൃഷ്ടിക്കുന്ന എന്ജിന് വെറും അഞ്ച് സെക്കന്‍ഡില്‍ കാറിനെ 100 കിലോമീറ്റര്‍ വേഗത്തിലെത്തിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് നിര്‍മാതാക്കള്‍ കാറിന് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.
ഈ വേനല്‍ക്കാലത്തുതന്നെ ആദ്യ സില്‍വര്‍ ബുള്ളറ്റുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സാധാരണ ഡോണിനെ അപേക്ഷിച്ച് വില കൂടുതലായിരിക്കും ഇതിന്.
Content Highlights: Rolls Royce Dawn Based Two Seat Converter Silver Bullet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..