ഡംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്.യു.വി 'കള്ളിനന്‍' നവംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇവിടെ ഏകദേശം ഒമ്പത് കോടി രൂപയോളം വില വരും ഈ ആഡംബര രാജാവിന്. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത കള്ളിനന്‍ രത്നത്തിന്റെ പേരില്‍ നിന്നാണ്  തങ്ങളുടെ ആദ്യ എസ്.യു.വിക്ക് കമ്പനി ഈ പേര് നല്‍കിയത്. ആ രത്‌നത്തോളം വിലമതിക്കുന്നതാണ് ഈ ബ്രിട്ടീഷ് ജന്മമെന്ന് ചുരുക്കം. 

Rolls Royce Cullinan

2015-ലാണ് ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി കാര്‍ പുറത്തിറക്കുമെന്ന് റോള്‍സ് റോയസ് പ്രഖ്യാപിച്ചത്. കേവലം നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരെയും അത്ഭുതപ്പെടുന്ന സൗന്ദര്യത്തോടെ ആദ്യ എസ്.യു.വി. അവതരിപ്പിക്കുകയും ചെയ്തു. റോള്‍സ് റോയ്സിന്റെ മുഖ്യ പടയാളിയായ ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് കള്ളിനന്‍ എസ്.യു.വി.യുടെ ഡിസൈന്‍. മുന്‍ഭാഗത്തുതന്നെ ഇത് പ്രകടമാകും. ഫാന്റത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വലിയ ഗ്രില്‍ കള്ളിനനിലും അതേപടിയുണ്ട്. ലക്ഷ്വറി ലുക്കിനൊപ്പം കരുത്തന്‍ പരിവേഷം നല്‍കുന്നതാണ് ഇരുവശത്തെയും ഡിസൈന്‍. 

പുരാതന റോള്‍സ് റോയ്‌സുകളെ അനുസ്മരിപ്പിക്കുന്നതാണ് പിന്‍ഭാഗം. ഡി ബാക്ക് എന്ന് പറയും. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. എന്നാല്‍. അകത്തളത്തില്‍ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്സുകളില്‍ ഏറ്റവും മികച്ചതെന്ന് പറയാം. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത വ്യൂയിങ് സ്യൂട്ടാണ് മറ്റൊരു ആകര്‍ഷണം. ഇത് ഓപ്ഷണലാണ്. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. സാധാരണ തുറക്കുന്നതിന് എതിര്‍വശത്തായിരിക്കും ഡോര്‍ ഹാന്‍ഡിലുകള്‍. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍.

Cullinan SUV

ഫാന്റത്തിന്റെ അതേ അലൂമിനിയം സ്പേസ്ഫ്രെയിം ആര്‍ക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിര്‍മാണം. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്സ്ട്രിയന്‍ വാര്‍ണിങ് സിസ്റ്റം, അലേര്‍ട്ട്നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാര്‍ണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. 

ഫാന്റത്തിലുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എന്‍ജിനാണ് ഇതിന് ശക്തിയേകുന്നത്. കള്ളിനനില്‍ എന്‍ജിന്‍ റീ ട്യൂണ്‍ ചെയ്തിട്ടുണ്ട്. എന്‍ജിന് 571 ബി.എച്ച്.പി. കരുത്തും 650 എന്‍.എം. ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്‌സാണ് കള്ളിനന്‍. ഫാന്റത്തിനും ഗോസ്റ്റിനുമിടയിലാണ് റോള്‍സ് റോയ്‌സ് കള്ളിനന്റെ സ്ഥാനം. ഇന്ത്യയിലെത്തുമ്പോള്‍ ബെന്റ്‌ലി ബെന്റേഗാണ് മുഖ്യ എതിരാളി. നവംബറില്‍ ഇന്ത്യയില്‍ അവതരിക്കുമെങ്കിലും വില്‍പ്പന അടുത്ത വര്‍ഷം തുടക്കത്തില്‍ മാത്രമേ നടക്കു.

Cullinan SUV

Cullinan SUV

Content Highlights; Rolls Royce Cullinan India launch in November 2018