ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായനായ റോള്‍സ് റോയിസും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവയ്ക്കുന്നു. റോള്‍സ് റോയിസില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനത്തിന് സ്‌പെക്ടര്‍ എന്ന പേര് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ആദ്യ ഇലക്ട്രിക് വാഹനം 2023-ല്‍ നിരത്തുകളില്‍ എത്തുമെന്നും 2030-ഓടെ റോള്‍സ് റോയിസ് വാഹന നിര പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കി. രണ്ട് ദിവസം മുമ്പാണ് ഇ.വി. സംബന്ധിച്ച സൂചന റോള്‍സ് റോയിസ് വെളിപ്പെടുത്തിയത്. 

കൂപ്പെ മാതൃകയില്‍ റോള്‍സ് റോയിസ് റെയ്ത്തിന് സമാനമായ ഡിസൈനിലായിരിക്കും സ്‌പെക്ടര്‍ ഒരുങ്ങുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. റോള്‍സ് റോയിസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച മെറ്റീരിയലുകളും കൂടുതല്‍ റേഞ്ച് ഉറപ്പാക്കുന്നതിനായി എയറോഡൈനാമിക് വീലുകളുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുക. ബി.എം.ഡബ്ല്യുവില്‍ നിന്നുള്ള ഏറ്റവും ആധുനികമായ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റമായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് റോള്‍സ് റോയിസ് മേധാവി അറിയിച്ചിരിക്കുന്നത്. 

ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള സ്‌പെക്ടര്‍ കേവലം ഒരു പ്രോട്ടോടൈപ്പ് മാത്രമല്ല, യാഥാര്‍ഥ വാഹനമാണ്. ഇത് 2023-ന്റെ അവസാവത്തോടെ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കും. ആദ്യ വാഹനം ശബ്ദമില്ലാത്തതും ക്ലീന്‍ വാഹനവുമായിരിക്കും. എന്നാല്‍, രണ്ടാമതായി എത്തുന്ന ഇലക്ട്രിക് മോഡല്‍ റോള്‍സ് റോയിസിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട മോഡലായിരിക്കും. ഇലക്ട്രിക് വാഹന മേഖളയില്‍ സ്‌പെക്ടര്‍ പുതിയ മാറ്റങ്ങള്‍ വരുത്തുമെന്നും റോള്‍സ് റോയിസ് മേധാവി ടോര്‍സ്റ്റണ്‍ മുള്ളര്‍ ഒക്ട്വോസ് പറഞ്ഞു.

Rolls-Royce Spectre
റോള്‍സ് റോയിസ് സ്‌പെക്ടര്‍ | Photo: Rolls Royce

റോള്‍സ് റോയിസില്‍ നിന്ന് വിപണിയില്‍ എത്തിയിട്ടുള്ള ഫാന്റം, ഗോസ്റ്റ്, കള്ളിനന്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന അലുമിനിയം സ്‌പേസ് ഫ്രെയിം ആര്‍ക്കിടെക്ചറിലായിരിക്കും സ്‌പെക്ടറും ഒരുങ്ങുക. പ്ലാറ്റ്‌ഫോമും പൂര്‍ണമായും റോള്‍സ് റോയിസിന്റേതായിരിക്കും. 2.5 മില്ല്യണ്‍ കിലോമീറ്റര്‍ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഈ വാഹനം വിപണിയില്‍ എത്തിക്കുക. ഇത് ഒരു റെഗുലര്‍ റോള്‍സ് റോയിസ് 400 വര്‍ഷം ഓടുന്നതിന് തുല്യമാണെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ലോകത്തിലെ വാഹന മേഖലയുടെ ഭാവി ഇലക്ട്രിക്കിലാണെന്ന് 1900-കളില്‍ റോള്‍സ് റോയിസിന്റെ സ്ഥാപകരില്‍ ഒരാളായ ചാള്‍സ് റോള്‍സ് അഭിപ്രായപ്പെട്ടിരുന്നതായി റോള്‍സ് റോയിസ് മേധാവി അറിയിച്ചിരുന്നു. 120 വര്‍ഷത്തിനിപ്പുറം അദ്ദേഹത്തിന്റെ വീക്ഷണം യാഥാര്‍ഥ്യമാകുകയാണെന്നാണ് അദ്ദേഹം ഈ നീക്കത്തെ വിശേഷിപ്പിച്ചത്. അതേസമയം, ഈ വാഹനത്തിന്റെ മെക്കാനിക്കല്‍, സാങ്കേതികവിദ്യകളെ കുറിച്ചുള്ള വിവരങ്ങള്‍ റോള്‍സ് റോയിസ് വെളിപ്പെടുത്തിയിട്ടില്ല. 

വരാനിരിക്കുന്നത് റോള്‍സ് റോയിസിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ ആണെങ്കിലും മുമ്പ് രണ്ട് തവണ കമ്പനി ഇലക്ട്രിക് വാഹന കണ്‍സെപ്റ്റുകള്‍ പുറത്തിറക്കിയിരുന്നു. 2011-ല്‍ 102 EX എന്ന കോഡ് നാമത്തില്‍ നിര്‍മിച്ച ഫാന്റം എക്സ്പിരിമെന്റല്‍ ഇലക്ട്രിക് ആയിരുന്നു ആദ്യത്തെ ഇലക്ട്രിക് മോഡല്‍. പിന്നീട് 2016-ല്‍ റോള്‍സ് റോയിസ് 103EX എന്ന കോഡ് നെയിമില്‍ റോള്‍സ് റോയിസ് വിഷന്‍ നെക്സ്റ്റ് 100 എന്ന മോഡലും പുറത്തിറക്കിയിരുന്നു. ഇവ രണ്ടും പ്രൊഡക്ഷന് ഉദ്ദേശിച്ചായിരുന്നില്ല നിര്‍മിച്ചതെന്നും കമ്പനി അറിയിച്ചിരുന്നു.

Content Highlights: Rolls Royce Announce Its First Electric Model Spectre; Launch In 2023