ക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി അവതരിപ്പിക്കാനൊരുങ്ങുന്ന ഏഴ് സീറ്റര്‍ എസ്.യു.വിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അല്‍കാസര്‍ എന്ന പേരിട്ടിരിക്കുന്ന ഈ എസ്.യു.വി. ഏപ്രിലില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ടീസര്‍ വീഡിയോയിലൂടെയാണ് ഹ്യുണ്ടായി ഈ വാഹനത്തിന്റെ പേര് വെളിപ്പെടുത്തിയത്. 

ഈ വാഹനത്തിന്റെ പേര് സംബന്ധിച്ച് മുമ്പും പല സൂചനകളും ഉയര്‍ന്നിരുന്നു. അല്‍കാസര്‍ എന്ന പേരിന് ഹ്യുണ്ടായി ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതോടെ ഈ അഭ്യൂഹങ്ങള്‍ ശക്തമാകുകയായികുന്നു. എന്നാല്‍, ഇതാദ്യമായാണ് ഹ്യുണ്ടായി ഈ വാഹനത്തിന്റെ പേര് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നത്. 

ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയെ അടിസ്ഥാനമാക്കിയായിരിക്കും അല്‍കാസര്‍ എത്തുക. എന്നാല്‍, ക്രെറ്റയെക്കാള്‍ 20 എം.എം. വീല്‍ബേസും 30 എം.എം. നീളവും കൂടിയായിരിക്കും അല്‍കാസര്‍ എത്തുക. മുഖഭാവത്തെ ഡിസൈന്‍ ക്രെറ്റയ്ക്ക് സമാനമായിരിക്കുമെങ്കിലും പിന്നില്‍ മാറ്റം പ്രതീക്ഷിക്കാം. 

കിയ സെല്‍റ്റോസിനും ഹ്യുണ്ടായി ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും അല്‍കാസര്‍ ഒരുങ്ങുന്നത്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ പ്രതീക്ഷിക്കാം. ആറ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റ് പതിപ്പില്‍ ഏറ്റവും പിന്നിലെ നിര ബഞ്ച് സീറ്റുമായിരിക്കും നല്‍കുക. 

ക്രെറ്റയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളായിരിക്കും ഈ വാഹനങ്ങളിലും പ്രവര്‍ത്തിക്കുക. പെട്രോള്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനങ്ങളില്‍ നല്‍കും.

Content Highlights: Revealing the name of Hyundai’s 7 seater SUV, Hyundai ALCAZAR