ഏറ്റവും വിലകുറഞ്ഞ എംപിവി എന്ന ഖ്യാതി സ്വന്തമാക്കി ഇന്ത്യയില്‍ കുതിപ്പ് തുടരുന്ന വാഹനമാണ് റെനോ ട്രൈബര്‍. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലെത്തുന്ന ഈ വാഹനം അടുത്ത വര്‍ഷത്തോടെ കൂടുതല്‍ കരുത്താര്‍ജിക്കാനൊരുങ്ങുകയാണ്. ടര്‍ബോചാര്‍ജ് സംവിധാനത്തോടെയാണ് ട്രൈബറിന്റെ എന്ജിന് കൂടുതല്‍ കരുത്തനാകുന്നത്.
റെനോയുടെ നിര്‍മാണത്തിലിരിക്കുന്ന എച്ച്ബിസി സബ്കോംപാക്ട് എസ്യുവിക്ക് കരുത്തേകുമെന്ന് അറിയിച്ചിരുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ട്രൈബറിന് നല്‍കാനൊരുങ്ങുന്നത്. ഈ എന്‍ജിന്റെ പവറും ടോര്‍ക്കും സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും രഹസ്യമാണ്.
നിലവില്‍ മാനുവല്‍ ട്രാന്സ്മിഷനില് മാത്രമെത്തുന്ന ഈ വാഹനത്തിന്റെ എഎംടി പതിപ്പും പുതിയ എന്ജിനൊപ്പമെത്തിയേക്കുമെന്നാണ് സൂചന. ട്രൈബറിന്റെ ഉയര്‍ന്ന വേരിയന്റിലായിരിക്കും എഎംടി ട്രാന്സ്മിഷന് ഒരുക്കുക. 2020-ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഈ മോഡല്‍ പ്രദര്‍ശനത്തിനെത്തും.
കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപത്തിലാണ് ട്രൈബര്‍ പിറവിയെടുത്തത്. മികവ് പുലര്‍ത്തുന്ന എക്സ്റ്റീരിയര്‍ ഡിസൈനിങ്ങും, മികച്ച സംവിധാനങ്ങള്‍ ഒരുക്കുന്ന ഇന്റീരിയറും കരുത്തുറ്റ സുരക്ഷ സംവിധാനങ്ങളും ഈ കുഞ്ഞുവാഹനത്തില് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
3990 എംഎം നീളം, 1739 എംഎം വീതി, 1643 എംഎം ഉയരം, 2636 എംഎം വീല്‍ബേസുമാണ് ട്രൈബറിനുള്ളത്. 947 കിലോഗ്രാമാണ് ഭാരം. അഞ്ച് സീറ്ററാകുമ്പോള് 625 ലിറ്ററും ആറ് സീറ്ററില്‍ 320 ലിറ്ററും ഏഴ് സീറ്ററിലേക്ക് മാറുമ്പോള്‍ 84 ലിറ്ററുമാണ് ട്രൈബറിന്റെ ബൂട്ട് സ്പേസ്.
നിലവില്‍ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിന് കരുത്തേകുന്നത്. 6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Renault Triber To Get Turbocharged Energy Engine In 2020