ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എം.പി.വി. മോഡലായ ട്രൈബറിന്റെ ഡ്യുവല്‍ ടോണ്‍ പതിപ്പ് അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വില കുറവില്‍ ലഭിക്കുന്ന എം.പി.വി. എന്ന ഖ്യാതിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.30 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ട്രൈബറിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ RXZ വേരിയന്റാണ് ഡ്യുവല്‍ ടോണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ളത്. 7.32 ലക്ഷം രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. 

മൂണ്‍ലൈറ്റ് സില്‍വര്‍, ഇലക്ട്രിക് ബ്ലൂ, മെറ്റല്‍ മസ്റ്റാര്‍ഡ്, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ് എന്നീ അഞ്ച് നിറങ്ങളിലാണ് പുതിയ ട്രൈബര്‍ എത്തുന്നത്. ഈ അഞ്ച് നിറങ്ങളുടെയും ഡ്യുവല്‍ ടോണ്‍ പതിപ്പും എത്തുന്നുണ്ട്. ഈ നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫാണ് ഇതില്‍ നല്‍കുന്നത്. റെഗുലര്‍ മോഡലിനെക്കാള്‍ 17,000 രൂപ അധികമാണ് ഡ്യുവല്‍ ടോണിന്. ട്രൈബര്‍ നിരയില്‍ മുമ്പുണ്ടായിരുന്ന ഫെയറി റെഡ് നിറം നിരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന.

3990 എം.എം. നീളം, 1739 എം.എം. വീതി, 1643 എം.എം. ഉയരം, 2636 എം.എം. വീല്‍ബേസുമാണ് ട്രൈബറിനുള്ളത്. 947 കിലോഗ്രാമാണ് ഭാരം. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിന് കരുത്തേകുന്നത്. 6250 ആര്‍.പി.എമ്മില്‍ 72 പി.എസ് പവറും 3500 ആര്‍.പി.എമ്മില്‍ 96 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

2019-ലാണ് റെനോയുടെ ട്രൈബര്‍ എം.പി.വി. ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിരത്തുകളില്‍ എത്തി രണ്ട് വര്‍ഷത്തോട് അടുക്കുമ്പോള്‍ ഈ വാഹനത്തിന്റെ 70,000 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളത്. ട്രൈബറിന്റെ മാനുവല്‍ മോഡല്‍ വന്‍ ഹിറ്റായതോടെ 2020 മെയ് മാസത്തില്‍ ഓട്ടോമാറ്റിക് പതിപ്പും അവതരിപ്പിക്കുകയായിരുന്നു. ഈ വാഹനത്തിനും മികച്ച സ്വീകാര്യത ലഭിച്ചതയാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 6.18 ലക്ഷം രൂപയാണ് ഓട്ടോമാറ്റിക്കിന്റെ പ്രാരംഭ വില.

റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ചെടുത്ത സി.എം.എഫ്-എ പ്ലസ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ട്രൈബര്‍ ഒരുങ്ങിയിട്ടുള്ളത്. നാല് മീറ്ററില്‍ താഴെ നീളമുള്ള ഈ വാഹനത്തില്‍ നാല് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും സുഖയാത്ര സാധ്യമാണ്. മികച്ച ഡിസൈനിലാണ് ഈ എം.പി.വി. ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള പുതുതലമുറ ഫീച്ചറുകളും ഈ വാഹനത്തെ ആകര്‍ഷകമാക്കുന്നുണ്ട്.

Content Highlights: Renault Triber Dual Tone Variant Launched In India