റെനോ കൈഗർ | Photo: Facebook.com|RenaultIndia
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഏറ്റവുമൊടുവില്‍ ഇന്ത്യക്കായി ഒരുക്കുന്ന വാഹനമാണ് കൈഗര്‍ എന്ന കോംപാക്ട് എസ്.യു.വി. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ഡീലര്‍ഷിപ്പ് തലത്തില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. 10,000 രൂപ മുതല്‍ 20,000 രൂപ വരെ ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. മാര്‍ച്ച് മാസത്തോടെ കൈഗര്‍ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവതരണ വേളയിലായിരിക്കും വില പ്രഖ്യാപിക്കുക.
റെനോയുടെ അനുബന്ധ കമ്പനിയായ നിസാന്‍ അടുത്തിടെ നിരത്തിലെത്തിച്ച മാഗ്നൈറ്റ് എസ്.യു.വിയുമായി മെക്കാനിക്കല്‍ ഫീച്ചേഴ്സ് പങ്കുവെച്ചാണ് കൈഗര്‍ വിപണിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ മാഗ്നൈറ്റിനോട് ചേര്‍ന്ന് നില്ക്കുന്ന വിലയായിരിക്കും കൈഗറിനെന്നും സൂചനകളുണ്ട്. ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മോഡലായാണ് നിസാന്‍ മാഗ്നൈറ്റ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്.
റെനോയുടെ മറ്റ് മോഡലുകള്‍ക്ക് അവകാശപ്പെടാനില്ലാത്ത സൗന്ദര്യമാണ് കൈഗറിന്റെ കൈമുതല്‍. വിങ്ങ്സ് ഷേപ്പിലുള്ള ക്രോമിയം ഗ്രില്ല്, എല്‍.ഇ.ഡി.ഡി.ആര്.എല്‍, മസ്കുലര്‍ ഭാവമുള്ള ബമ്പര്‍, സ്പ്ലിറ്റ് എല്‍.ഇ.ഡി.ഹെഡ്ലാമ്പ് എന്നിവയാണ് കൈഗറിന്റെ മുഖം അലങ്കരിക്കുന്നത്. സി-ഷേപ്പിലുള്ള സ്പ്ലിറ്റ് ടെയ്ല്‍ലാമ്പ്, പവര്‍ ലൈനുകള്‍ നല്‍കിയുള്ള ഹാച്ച്ഡോര്‍, ക്ലാഡിങ്ങുകളുടെ അകമ്പടിയില്‍ ഒരുങ്ങിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്‍വശത്തെ ആകര്‍ഷകമാക്കും. പുതിയ ഡിസൈനിലുള്ള അലോയി വീല്‍ സൗന്ദര്യത്തിന് മാറ്റുകൂട്ടും.
നിരത്തുകളില്‍ കൈഗറിനുള്ള എതിരാളികളുമായി മുട്ടി നില്ക്കാന് സാധിക്കുന്ന ഫീച്ചറുകള്‍ ഇന്റീരിയറിലും നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഡാഷ്ബോര്‍ഡ്, പ്രീമിയം ഭാവം നല്കുന്ന സെന്റര്‍ കണ്‍സോള്‍, ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. കൂള്‍ഡ് ഗ്ലോ ബോക്സ് ഉള്‍പ്പെടെയുള്ള സ്റ്റോറേജ് സ്പേസുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
നിസാന്‍ മാഗ്നൈറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്ജിന് തന്നെയാണ് കൈഗറിന്റെയും ഹൃദയം. 1.0 ലിറ്റര്‍ നാച്വിറലി ആസ്പിരേറ്റഡ് (എന്‍.എ), 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. എന്‍.എ.എന്ജിന് 72 ബി.എച്ച്.പി. പവറും 96 എന്‍.എം.ടോര്‍ക്കും ടര്‍ബോ എന്ജിന് 99 ബി.എച്ച്.പി.പവറും 160 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി എന്നിവ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും.
Source: CarDekho
Content Highlights: Renault Start Dealership Level Booking For New Compact SUV Kiger
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..