പുതിയ വര്‍ഷത്തില്‍ വാഹനങ്ങളില്‍ നവീകരിച്ച ലോഗോ നല്‍കാന്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. അഞ്ച് പുതിയ വാഹനങ്ങളുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചാണ് പുതിയ ലോഗോയും പ്രകാശനം ചെയ്തിട്ടുള്ളത്. 2022-ന് ശേഷം നിരത്തുകളില്‍ എത്തുന്ന റെനോ വാഹനങ്ങളില്‍ ഈ ലോഗോ സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇപ്പോള്‍ റെനോ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള ലോഗോ 2015-ലാണ് അവതരിപ്പിച്ചത്. പുതിയ തരംഗം എന്ന ആശയത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ ഒരുങ്ങിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളില്‍ വരുത്തുന്ന പുതുമ ലോഗോയിലും വരുത്തുന്നതിന്റെ ഭാഗമായാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി പുതിയ ലോഗോ അവതരിപ്പിക്കുന്നതെന്നാണ് സൂചനകള്‍. 

പുതിയ ലോഗോയുമായി താരതമ്യം ചെയ്യുമ്പോള്‍ മുമ്പുണ്ടായിരുന്നത് കൂടുതല്‍ സങ്കീര്‍ണമാണെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍. വലിപ്പം കുറവായതിനാല്‍ തന്നെ ഇത് വായിക്കുന്നതിലും തിരിച്ചറിയുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെന്നാണ് വിലയിരുത്തല്‍. 

ഷാര്‍പ്പ് ആയിട്ടുള്ള ലൈനുകള്‍ ഉപയോഗിച്ചാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിട്ടുള്ളത്. 1946 മുതല്‍ ത്രീ ഡി സംവിധാനത്തിലേക്ക് മാറിയത് വരെ ഷാര്‍പ്പ് ലൈനുകളിലാണ് റെനോയുടെ ലോഗോ ഡിസൈന്‍ ചെയ്തിരുന്നത്. ആധുനിക സംവിധാനങ്ങള്‍ക്കും സാങ്കേതികവിദ്യയുടെ പ്രതീകമായാണ് പുതില ലോഗോ ഒരുങ്ങിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Content Highlights: Renault Planning To Give New Logo From 2022